‘മിഥുന്റെ ഓര്‍മയില്‍ മിഥുന്‍ ഭവനം’; തേവലക്കരയില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് വീട് കൈമാറി

കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്‌കൂള്‍ കെട്ടിടത്തിന് മുകളിലെ വൈദ്യുതി ലൈനില്‍ നിന്നും ഷാക്കേറ്റു മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിനുള്ള വീട് കൈമാറി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലില്‍ നിന്നും മിഥുന്റെ മാതാപിതാക്കള്‍ ഏറ്റുവാങ്ങി. പടിഞ്ഞാറെകല്ലട വിളന്തറയിലുള്ള മിഥുന്റെ വീട്ടില്‍ നടന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
നോവ് ബാക്കിയായി, എന്നാല്‍ മിഥുന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു എന്ന് വീട് കൈമാറുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട എട്ടാം ക്ലാസ്സുകാരന്‍ മിഥുന്റെ വിയോഗം ഇന്നും ഉണങ്ങാത്ത മുറിവാണ്. സ്‌കൂള്‍ മുറ്റത്തെ കളിചിരികള്‍ക്കിടയില്‍ അപ്രതീക്ഷിതമായി എത്തിയ മരണം ആ കുരുന്നിനെ തട്ടിയെടുത്തപ്പോള്‍, വിറങ്ങലിച്ചു നില്‍ക്കാനേ നമുക്ക് സാധിച്ചുള്ളൂ.
മിഥുന്‍ തന്റെ കുടിലിന്റെ ചുവരില്‍ വരച്ചുചേര്‍ത്ത വലിയൊരു സ്വപ്നമായിരുന്നു ഒരു നല്ല വീട്. ഇന്ന് അവന്റെ ആ സ്വപ്നം ‘മിഥുന്‍ ഭവനം’ എന്ന പേരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. പക്ഷേ, ആ മനോഹരമായ വീടിന്റെ ഉമ്മറത്ത് മിഥുനില്ല എന്ന വേദന നമ്മെയെല്ലാം വേട്ടയാടുന്നുണ്ട്.
മിഥുന്റെ ആഗ്രഹം സഫലമാക്കാന്‍ മുന്നിട്ടിറങ്ങിയ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിനെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. കുട്ടികളില്‍ നിന്ന് ഒരു രൂപ പോലും പിരിക്കാതെ, വെറും ആറുമാസം കൊണ്ട് 1000 സ്‌ക്വയര്‍ ഫീറ്റില്‍ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വീട് പണിതീര്‍ത്തത്. ഇത് അങ്ങേയറ്റം മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മന്ത്രി അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 17 ന് ആയിരുന്നു മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രിയാണ് മിഥുന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 1000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടിന് മന്ത്രി ശിവന്‍കുട്ടിയാണ് കല്ലിട്ടത്. 20 ലക്ഷം രൂപ ചെലവ് വന്ന വീട്ടില്‍ മൂന്നുമുറിയും ഹാളും അടുക്കളയും സിറ്റൗട്ടും രണ്ട് ശുചിമുറിയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. കരുനാഗപ്പള്ളിയിലുള്ള പാലക്കോട്ട് ബില്‍ഡേഴ്സിനായിരുന്നു നിര്‍മാണ ചുമതല. അഞ്ചുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചാണ് വീട് കൈമാറിയിരിക്കുന്നത്. വീടിന് പുറമെ, മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 10 ലക്ഷവും വിദ്യാഭ്യാസ വകുപ്പ് മൂന്നുലക്ഷവും കെഎസ്ഇബി 10 ലക്ഷവും കെഎസ്ടിഎ 11 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കിയിരുന്നു. സ്‌കൂള്‍ മാനേജ്മെന്റും 10 ലക്ഷം രൂപ നല്‍കി.



