യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഹോളോകോസ്റ്റ് അതിജീവിച്ച ഇവ ഷ്ലോസ് അന്തരിച്ചു

ലണ്ടൻ : ഓഷ്‌വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപെട്ട ഇവ ഷ്ലോസ് (Eva Schloss) അന്തരിച്ചു. ലണ്ടനിൽ താമസിച്ചിരുന്ന ഇവർക്ക് 96 വയസ്സായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ആൻ ഫ്രാങ്ക് ട്രസ്റ്റ് യു കെ അറിയിച്ചു.

ഹോളോകോസ്റ്റ് ഭീകരതയും ക്രൂരതകളും നേരിട്ട അവർ അനുഭവങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞു. യുവതലമുറയെ വർഗീയതയ്ക്കും വംശീയ വിദ്വേഷത്തിനുമെതിരേ ബോധവൽക്കരിക്കാൻ ജീവിതം മുഴുവൻ സമർപ്പിച്ചു. പ്രശസ്തമായ ആൻ ഫ്രാങ്കിന്റെ ഡയറി എഴുതിയ ആൻ ഫ്രാങ്കിന്റെ കളിക്കൂട്ടുകാരിയാണ്. ആൻ ഫ്രാങ്ക് ട്രസ്റ്റ് യുകെയുടെ ഓണററി പ്രസിഡന്റായിരുന്നു.

1929-ൽ വിയന്നയിൽ ഇവ ഗെയ്റിങർ (Eva Geiringer) എന്ന പേരിൽ ജനിച്ചു. നാസികൾ തന്റെ രാജ്യം പിടിച്ചടക്കിയപ്പോൾ അവർ ഒരു കുട്ടിയായിരുന്നു. നാസി ജർമ്മനി ഓസ്ട്രിയ കൈവശപ്പെടുത്തിയപ്പോൾ അവരുടെ കുടുംബം നെതർലാൻഡ്സിലെ ആംസ്റ്റർഡാമിലേക്ക് പലായനം ചെയ്തു. അവിടെ ആൻ ഫ്രാങ്കുമായി സൗഹൃദത്തിലായി. ആൻ ഫ്രാങ്കിന്റെ ഡയറി പിന്നീട് ഹോളോകോസ്റ്റിന്റെ ഏറ്റവും പ്രശസ്തമായ രേഖകളിലൊന്നായി മാറി.

നാസികൾ നെതർലാൻഡ്സ് കൈവശപ്പെടുത്തിയപ്പോൾ ഫ്രാങ്ക് കുടുംബത്തെപ്പോലെ ഇവായുടെ കുടുംബവും രണ്ട് വർഷത്തോളം ഒളിവിൽ കഴിഞ്ഞു. ഒടുവിൽ എല്ലാവരെയും പോലെ അവരും ഒറ്റിക്കൊടുക്കപ്പെട്ടു. തുടർന്ന് ഓഷ്‌വിറ്റ്സ് മരണക്യാമ്പിലേക്ക് അയയ്ക്കപ്പെട്ടു.

1945-ൽ സോവിയറ്റ് സൈന്യം ക്യാമ്പ് മോചിപ്പിക്കുന്നതുവരെ ഇവയും അമ്മ ഫ്രിട്സിയും ആ ഭീകര ക്യാമ്പിനകത്ത് ജീവിച്ചു. ഇവയുടെ അച്ഛൻ എറിച്ച്, സഹോദരൻ ഹൈൻസ് എന്നിവർ ഓഷ്‌വിറ്റ്സിൽ തന്നെ കൊല്ലപ്പെട്ടു.

യുദ്ധത്തിന് ശേഷം ഇവ ബ്രിട്ടനിലേക്ക് കുടിയേറി. ജർമ്മൻ ജൂത അഭയാർത്ഥിയായ സ്വി ഷ്ലോസിനെ വിവാഹം കഴിച്ചു. ലണ്ടനിൽ സ്ഥിരതാമസമാക്കി. 1953-ൽ ഇവയുടെ അമ്മ ആൻ ഫ്രാങ്കിന്റെ അച്ഛനായ ഓട്ടോ ഫ്രാങ്കിനെ വിവാഹം ചെയ്തു. ആൻ ഫ്രാങ്കിന്റെ അടുത്ത കുടുംബത്തിൽ നിന്ന് ജീവനോടെ ശേഷിച്ച ഏക വ്യക്തിയായിരുന്നു ഓട്ടോ ഫ്രാങ്ക്.

ആൻ ഫ്രാങ്ക് 15-ാം വയസ്സിൽ ബെർഗൻ-ബെൽസൻ കോൺസെൻട്രേഷൻ ക്യാമ്പിൽ ടൈഫസ് രോഗം മൂലം മരിച്ചു; യുദ്ധം അവസാനിക്കുന്നതിന് കുറച്ച് മാസങ്ങൾ മുൻപായിരുന്നു അത്.

ദശകങ്ങളോളം ഇവാ തന്റെ അനുഭവങ്ങളെക്കുറിച്ച് പരസ്യമായി സംസാരിച്ചിരുന്നില്ല. യുദ്ധകാല മാനസികാഘാതം തന്നെ ഉൾവലിയാൻ പ്രേരിപ്പിക്കയും മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിയാതാക്കുകയും ചെയ്തുവെന്ന് അവൾ പിന്നീട് തുറന്നു പറഞ്ഞു.

“വർഷങ്ങളോളം ഞാൻ മൗനത്തിലായിരുന്നു. ആദ്യം സംസാരിക്കാൻ അനുവാദമില്ലായിരുന്നു. പിന്നീട് ഞാൻ അതെല്ലാം അടിച്ചമർത്തി. ലോകത്തോട് എനിക്ക് വലിയ കോപമുണ്ടായിരുന്നു,” എന്നായിരുന്നു വാക്കുകൾ.

1986-ൽ ലണ്ടനിൽ നടന്ന ആൻ ഫ്രാങ്ക് പ്രദർശനത്തിന്റെ ഉദ്ഘാടനത്തോടെയാണ് പൊതു രംഗത്ത് സംസാരിച്ച് തുടങ്ങുന്നത്. ശേഷം, നാസി കൂട്ടക്കൊലയെക്കുറിച്ച് യുവതലമുറയെ ബോധവൽക്കരിക്കുന്നത് ദൗത്യമായി ഏറ്റെടുത്തു. തുടർന്ന് നിരവധി വർഷങ്ങളോളം അവൾ സ്കൂളുകളിലും ജയിലുകളിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലുമായി തന്റെ കഥ പങ്കുവെച്ചു. “Eva’s Story: A Survivor’s Tale by the Stepsister of Anne Frank” ഉൾപ്പെടെ നിരവധി പുസ്തകങ്ങളും രചിച്ചു.

“മറ്റുള്ളവരെ അന്യരായി ആയി കാണുന്ന സമീപനത്തിന്റെ ഭീകരമായ ഫലങ്ങൾ നമ്മൾ ഒരിക്കലും മറക്കരുത്,”

“എല്ലാവരുടെയും വംശങ്ങളെയും മതങ്ങളെയും നമ്മൾ ആദരിക്കണം. നമ്മുടെ വ്യത്യാസങ്ങളോടൊപ്പം അവരോടൊരുമിച്ച് ജീവിക്കണം. ഇത് സാധ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്; അതും എത്രയും ചെറുപ്പത്തിൽ ആരംഭിച്ചാൽ അത്ര നല്ലത്.” എന്നായിരുന്നു ഇവായുടെ പുതിയ തലമുറയോടുള്ള വാക്കുകൾ.

ഭർത്താവ് സ്വി ഷ്ലോസ് 2016-ൽ അന്തരിച്ചു. ഇവ ഷ്ലോസിന് മൂന്ന് പെൺമക്കളും, കൊച്ചുമക്കളും, അവരിൽ പേരക്കുട്ടികളുമുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button