കെനിയയിൽ പെയ്ത കനത്ത മഴയിൽ മണ്ണിടിച്ചിൽ; 21 മരണം, 30 പേരെ കാണാതായി

നൈറോബി : കെനിയയുടെ പടിഞ്ഞാറൻ താഴ്‍വരയിലുണ്ടായ മണ്ണിടിച്ചിലിൽ 21 പേർ മരിച്ചു. 30 പേരെ കാണാതായി. കഴിഞ്ഞ ദിവസങ്ങളായി കെനിയയിൽ പെയ്ത കനത്ത മഴയിലാണ് അപകടമുണ്ടായത്. പടിഞ്ഞാറൻ കെനിയയിലെ എൽഗെയോ മറാക്വെറ്റ് കൗണ്ടിയിലെ ചെസോങ്കോച്ചിലെ കുന്നിൻ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ 1,000ത്തിലധികം വീടുകൾ തകർന്നു.
നിരവധി റോഡുകളും തകർന്നു. ഇതോടെ രക്ഷാദൗത്യം ദുഷ്കരമായി. മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ 20 പേരെ എയർലിഫ്റ്റ് ചെയ്ത് എൽഡോറെറ്റ് സിറ്റിയിലുള്ള ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴയ്ക്കിടയിലും അവശിഷ്ടങ്ങൾക്കിടയിൽ ദുരന്ത നിവാരണ സേന തിരച്ചിൽ തുടരുകയാണ്.
ചെസോങ്കോച്ചിലെ കുന്നിൻ പ്രദേശം മണ്ണിടിച്ചിലിന് ഏറെ സാധ്യതയുള്ള പ്രദേശമാണ്. 2010 ലും 2012 ലും വ്യത്യസ്ത സംഭവങ്ങളിൽ നിരവധി ആളുകൾ മരിച്ചു. 2020 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു ഷോപ്പിംഗ് സെന്റർ പൂർണമായി ഒലിച്ചുപോയി. ദുരിതബാധിതർക്ക് ബദൽ വാസസ്ഥലം കണ്ടെത്തുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി കിപ്ചുംബ മുർകോമെൻ പറഞ്ഞു.



