പാലക്കാട് 41 ഡിഗ്രിയിലേക്ക്, കേരളത്തിൽ ചൂട് നാലു ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള് രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത് 40 ഡിഗ്രിയായും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോരമേഖലകള്‍ ഒഴികെയുള്ളിടങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ തിങ്കളാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച എല്ലാജില്ലയിലും നേരിയ മഴയുണ്ടായേക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.