ഉഷ്ണതരംഗ സാധ്യത : മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം, റെഡ് അലർട്ട് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്

ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. ചൊവ്വാഴ്ച മുതൽ മാൾട്ടയിൽ 42°C വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ സാഹചര്യത്തിൽ പ്രായമായവർ, കുട്ടികൾ, മുൻകാല ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗക്കാർ കടുത്ത ചൂടിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് അടിയന്തര മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും, തണുത്തതോ എയർ കണ്ടീഷൻ ചെയ്തതോ ആയ സ്ഥലങ്ങളിൽ താമസിക്കാനും, ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കാനും മന്ത്രാലയം പ്രസ്താവനയിൽ നിർദ്ദേശിച്ചു.
ഉയർന്ന താപനിലയെക്കുറിച്ച് മെറ്റ് ഓഫീസ് റെഡ് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.ചൊവ്വ, വെള്ളി ദിവസങ്ങളിൽ ചൂട് പരമാവധി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, 42°C വരെ താപനില അനുഭവപ്പെടും. ബുധൻ, വ്യാഴം ദിവസങ്ങളിൽ, കാലാവസ്ഥ ഗുരുതരമായി തുടരും, 41°C വരെ താപനിലയുണ്ടാകും. വെള്ളിയാഴ്ച വരെ ഉഷ്ണതരംഗം തുടരുമെന്നും ശനിയാഴ്ചയോടെ കുറയുമെന്നും പ്രതീക്ഷിക്കുന്നു.