അവയവദാന നിയമത്തിൽ നിർണായകമാറ്റത്തിന് തയ്യാറെടുത്ത് മാൾട്ട
അവയവദാന നിയമത്തില്‍ നിര്‍ണായകമാറ്റത്തിന് തയ്യാറെടുത്ത് മാള്‍ട്ട. രോഗിക്ക് ‘രക്തചംക്രമണ മരണം’ സംഭവിക്കുമ്പോള്‍ അവയവദാനം സാധ്യമാക്കുന്ന തരത്തില്‍ നിയമം മാറ്റാനാണ് ശ്രമമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. അവയവദാനം സുഗമമാക്കുന്നതിന് പ്രതിപക്ഷ എംപി ഇവാന്‍ ബാര്‍ട്ടോളൊ അവതരിപ്പിച്ച ബില്ലിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമനിര്‍മാണം വരികയെന്ന് മന്ത്രി ജോ എറ്റിയെന്‍ അബെല പാര്‍ലമെന്റില്‍ പറഞ്ഞു.
മാള്‍ട്ട നിയമ പ്രകാരം നിലവില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതായി സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഒരാളുടെ അവയവങ്ങള്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാനാകൂ. എന്നാല്‍, ഒരു രോഗിക്ക് രക്തചംക്രമണ മരണം സംഭവിക്കുമ്പോള്‍ അവയവങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുന്ന തരത്തില്‍ നിയമം മാറ്റാനാണ് നീക്കം. (ഒരു രോഗിയുടെ രക്തചംക്രമണവും ശ്വസന പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുമ്പോള്‍ ഒരു ഡോക്ടര്‍ മരണം പ്രഖ്യാപനം നടത്തുന്ന പക്ഷം അവയവങ്ങള്‍ എടുത്തേക്കാം എന്നാണ് ഇതിനര്‍ത്ഥം.) യുകെ പോലെയുള്ള മറ്റു രാജ്യങ്ങളിലും ഇത് നേരത്തെ തന്നെ ആരംഭിച്ചതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍, അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ മരിക്കുമ്പോള്‍ മാറ്റിവയ്ക്കലിനായി അവയവങ്ങള്‍ ദാനം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്ത് ‘ഓപ്റ്റ്ഇന്‍’ ചെയ്യേണ്ടതുണ്ട്. 16 വയസ്സിന് മുകളിലുള്ള ആര്‍ക്കും അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതം നല്‍കിയിട്ടുണ്ടെന്ന വിധത്തില്‍ ഈ പ്രക്രിയ മാറ്റാന്‍ ബാര്‍ട്ടോലോ നിര്‍ദ്ദേശിച്ചിരുന്നു .