ഭക്ഷ്യ സുരക്ഷയുടെ ചുമതല കൃഷി മന്ത്രാലയത്തിന് കൈമാറാനുള്ള നീക്കവുമായി മാൾട്ടീസ് സർക്കാർ മുന്നോട്ട്. മാൾട്ട എൻവയോൺമെൻ്റൽ ഹെൽത്ത് ഓഫീസേഴ്സ് അസോസിയേഷൻ അടക്കം നിരവധി സംഘടനകൾ തീരുമാനത്തിൽ പ്രതിഷേധിച്ച് രംഗത്തുണ്ടെങ്കിലും കൃഷി, ആരോഗ്യ, ഉപഭോക്തൃ കാര്യ മന്ത്രാലയങ്ങളുടെ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്ന ഒരു അതോറിറ്റി രുപീകരിക്കാനാണ് സർക്കാർ നീക്കം.2022-ൽ ഭക്ഷ്യസുരക്ഷാ കമ്മീഷൻ കാർഷിക മന്ത്രാലയത്തിന്റെ കീഴിലേക്ക് മാറ്റിയതിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം. നേരത്തെ ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഇത്തരമൊരു വാഗ്ദാനം ഉണ്ടായിരുന്നു.
സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധവും വ്യാപകമാണ്. ഭക്ഷ്യ ആരോഗ്യ സുരക്ഷയെ കുറിച്ചും വരുന്ന മാറ്റങ്ങളെക്കുറിച്ചും ഈ മേഖലയിൽപ്രവർത്തിക്കുന്നവർ ഇരുട്ടിലാണെന്ന് അസോസിയേഷൻ പ്രസിഡൻ്റ് ജോസഫ് കാമില്ലേരി പറഞ്ഞു. പാർലമെൻ്റിന് പുറത്ത് വ്യാഴാഴ്ച രാവിലെ നിരവധി പരിസ്ഥിതി ആരോഗ്യ പ്രാക്ടീഷണർമാരും പബ്ലിക് ഹെൽത്ത് ലബോറട്ടറി പ്രതിനിധികളുംനടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ വര്‍ഷം 2700 പരിശോധനകളാണ് പരിസ്ഥിതി ആരോഗ്യ മന്ത്രാലയം മാള്‍ട്ടയില്‍ നടത്തിയത്. അതില്‍ ഗുരുതര നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട 112 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ഭക്ഷ്യ വസ്തുക്കളുടെ പരിശോധനയില്‍ നിലവിലുള്ള ഗുണനിലവാരം കുറയാന്‍ ഈ നീക്കം ഇടയാക്കുമെന്നാണ് മാള്‍ട്ട എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് ഓഫീസേഴ്സ് അസോസിയേഷന് (MEHOA) പ്രസിഡന്റ് ജോസഫ് കാമില്ലേരി പറയുന്നത്.
ഭക്ഷണശാലകള്‍ പരിശോധിക്കുന്നതിനു പുറമേ, പരിസ്ഥിതി ആരോഗ്യ ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കുന്ന സ്ഥാപനങ്ങള്‍ ഓഡിറ്റ് ചെയ്യുകയും ഭക്ഷ്യവിഷബാധ കേസുകളും മറ്റ് പരാതികളും അന്വേഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഇറക്കുമതി ചെയ്ത ഭക്ഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതും സുരക്ഷിതമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതിനുള്ള ഉത്തരവാദിത്തവും ഇവരില്‍ നിക്ഷിപ്തമാണ്. ഭക്ഷണത്തിനു പുറമേ, കുളിക്കുന്ന വെള്ളം, ബാക്കോ നിയന്ത്രണം, ടാറ്റൂ ക്ലിനിക്കുകള്‍, ബോഡി പിയേഴ്സിംഗ് എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും പരിസ്ഥിതി ആരോഗ്യ ഓഫീസര്‍മാരാണ് കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ഏതെല്ലാം ചുമതലകള്‍ കൈമാറപ്പെടും എന്നതില്‍ വ്യക്തതയില്ല. ഒരു റെസ്റ്റോറന്റില്‍ ഭക്ഷ്യവിഷബാധ ഉണ്ടായാല്‍, സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി വാറണ്ട് നല്‍കുന്നതിന് പരിസ്ഥിതി ആരോഗ്യത്തില്‍ ബിരുദം എങ്കിലും ഉള്ളവര്‍ക്കേ കഴിയൂ. പുതിയ മാറ്റം വരുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ എന്താകും നയമെന്ന് വ്യക്തമല്ലാത്തതാണ് നീക്കത്തിനെതിരെ നിലപാടെടുക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.