കേരളം

മഞ്ഞപ്പിത്തം; കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ മഞ്ഞപ്പിത്ത ത്തിനെതിരെ ജാഗ്രത പാലിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്ത്രോതസുകളിലും ക്ലോറിനേഷൻ നടത്തും. ജ്യൂസിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലം കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്നും സ്‌കൂളുകളിലെ കുടിവെള്ള സ്ത്രോതസുകൾ ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം എന്നും മന്ത്രി നിർദേശം നൽകി.

സംസ്ഥാനത്ത് മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം വിളിച്ച് ചേർത്തത്. ജാഗ്രതാ നിർദേശമുള്ള 4 ജില്ലകളിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ ഡിഎംഒമാർക്കും ജില്ലാ കലക്ടർമാർക്കും മന്ത്രി നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു. മഞ്ഞപ്പിത്തത്തിനെതിരെ കനത്ത ജാഗ്രത പാലിക്കണമെന്നാണ് മന്ത്രിയുടെ കർശന നിർദേശം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരരുതെന്നും ഉടനടി വൈദ്യസഹായം തേടണമെന്നും മന്ത്രി അഭ്യർഥിക്കുന്നു.

ഒരു കാരണവശാലും തിളപ്പിക്കാത്ത വെള്ളം കുടിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മഞ്ഞപ്പിത്തം പകരുന്നത് എന്നതിനാൽ ഈ മുന്നറിയിപ്പ് അവഗണിക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു. വിനോദസഞ്ചാരികൾ കുടിക്കുന്ന വെള്ളത്തിലും മറ്റും പ്രത്യേക ശ്രദ്ധ വയ്ക്കണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ഹോട്ടലുകളിൽ ഹെൽത്ത് ഗാർഡിന്റെ പരിശോധനയും ആരോഗ്യവകുപ്പ് കർശനമാക്കിയിട്ടുണ്ട്. ജ്യൂസിനും മറ്റും ഉപയോഗിക്കുന്ന ഐസ് ശുദ്ധമായ വെള്ളം കൊണ്ട് മാത്രമേ നിർമിക്കാവൂ എന്നാണ് കർശന നിർദേശം. സംസ്ഥാനത്ത് 600 പേരാണ് നിലവിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button