ദേശീയം

ഹഥ്റസ് ദുരന്തം; മുഖ്യപ്രതി അറസ്റ്റിൽ

ലഖ്‌നൗ : ഹഥ്‌റസില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാന്‍ ഇടയായ സംഭാവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറാണ് വെള്ളിയാഴ്ച രാത്രി ഡൽഹി പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാളെ ഉത്തർപ്രദേശ് പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മുഖ്യപ്രതിയും കീഴടങ്ങിയത്. മുഖ്യ സേവദാര്‍ ആയി ദേവ് പ്രകാശ് മധൂക്കറാണ് പ്രധാന പ്രതി എന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വയം പ്രഖ്യാപിത ആൾദൈവം ഭോലെ ബാബ എന്ന സൂരജ്പാൽ നാരായൺ ഹരിയ്ക്കു വേണ്ടി നടത്തിയ പരിപാടിയിലാണ് അപകടമുണ്ടായത്. ഭോലെ ബാബയെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. എഫ് ഐആറിൽ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. സംഭവവുമായിബന്ധപ്പെട്ട് 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആവശ്യമെങ്കിൽ ഭോലെ ബാബയുടെ താമസസ്ഥലത്ത് അന്വേഷണംനടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. 80,000 പേർക്ക് പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്ന പരിപാടിയിൽ 2.5 ലക്ഷത്തിൽ അധികം പേർ പങ്കെടുത്തതാണ് ദുരന്തമായത് എന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ പരിപാടിയിൽ തിക്കും തിരക്കുമുണ്ടാക്കിയ സമൂഹിക വിരുദ്ധരാണ് അപകടത്തിന് കാരണം എന്നായിരുന്നു ഭോലെ ബാബയുടെ പ്രതികരണം. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ഒളിവിൽ നിന്ന് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. മതപ്രഭാഷണം അവസാനിപ്പിച്ചു മടങ്ങുകയായിരുന്ന ഗുരുവിന്റെ കാലിനടിയിലെ മണ്ണു ശേഖരിക്കാന്‍ അനുയായികള്‍ തിരക്കുകൂട്ടിയതാണു ഹഥ്റസില്‍ വന്‍ അപകടത്തിനു കാരണമായത്. മരിച്ച 121പേരിൽ 110 പേരും സ്ത്രീകളാണ്. 5 കുട്ടികളും 6 പുരുഷന്മാരുമുണ്ട്. ഹരിയാനയില്‍നിന്നുള്ള നാലും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമൊഴികെ മരിച്ചവരെല്ലാം യുപി സ്വദേശികളാണ്. വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 31 പേര്‍ക്കു പരുക്കേറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button