ഗാസ വെടിനിര്‍ത്തല്‍ : മൂന്ന് ആവശ്യങ്ങൾ മുന്നോട്ട് വെച്ച് ഹമാസ്

കെയ്റോ : ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍, ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈജിപ്റ്റിലെ കെയ്റോയില്‍ ആരംഭിച്ച സമാധാന ചര്‍ച്ച രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതിനായി മൂന്ന് ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടു വെച്ചത്. ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്മാറണം. ശാശ്വത വെടിനിര്‍ത്തല്‍ വേണം. ഗാസയില്‍ ഉപാധികളില്ലാതെ മരുന്നും ഭക്ഷണവും അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
രണ്ടാം വട്ട ചര്‍ച്ച ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഹമാസ് ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. ഗാസയുടെ പുനര്‍നിര്‍മാണം ഉടന്‍ തുടങ്ങണം. ഇതിന് മേല്‍നോട്ടം വഹിക്കുന്നത് പലസ്തീനികളുടെ നേതൃത്വത്തിലുള്ള സമിതിയാകണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ദി തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ വേണമെന്നും ഹമാസ് നിലപാട് അറിയിച്ചിട്ടുണ്ട്. ആദ്യഘട്ട ചര്‍ച്ച നല്ല അന്തരീക്ഷത്തിലാണ് നടന്നതെന്നും, നാലു മണിക്കൂര്‍ നീണ്ടു നിന്നുവെന്നും മധ്യസ്ഥത വഹിക്കുന്ന ഈജിപ്റ്റ് അറിയിച്ചു.
ഈ ഇരുണ്ട അധ്യായം അടച്ച് പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനവും സുരക്ഷയും കൊണ്ടു വരാനുള്ള സുവര്‍ണാവസരമാണ് ട്രംപിന്റെ പദ്ധതിയെന്ന് യുഎസ് വിദേശകാര്യ സെക്ട്രടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. അതിനിടെ യുദ്ധം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ചൊവ്വാഴ്ച ഗാസയില്‍ പലയിടത്തും ആക്രമണം ഉണ്ടായതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ വെടിനിര്‍ത്തിയെന്ന് പറഞ്ഞ വെള്ളിയാഴ്ച ഗാസയില്‍ 104 പേരാണ് കൊല്ലപ്പെട്ടത്.