ബന്ദികളെ ജനക്കൂട്ടത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഹമാസ്, നിര്‍ബന്ധിച്ച് പൊതു പ്രസ്താവന; മൂന്നു പേര്‍ കൂടി തിരികെ നാട്ടിലേക്ക്

ജറുസലേം : വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രയേല്‍ തടവുകാരെ മോചിപ്പിക്കും മുന്‍പ് ജനക്കൂട്ടത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഹമാസ്. നൂറുകണക്കിനു വരുന്ന ആള്‍ക്കാരുടെ മുന്നില്‍ ബന്ദികളെ എത്തിച്ച, മുഖംമൂടി ധാരികളായ ഹമാസ് സൈനികര്‍ ഇവരോട് എന്തെങ്കിലും പറയാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷമാണ് മൂന്നു പേരെയും അന്താരാഷ്ട്രാ റെഡ് ക്രോസിനു കൈമാറിയത്. മൂന്നു പേരെയും സ്വീകരിച്ചതായി പിന്നീട് ഇസ്രായേല്‍ സ്ഥിരീകരിച്ചു.
വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായി ഡസന്‍ കണക്കിന് പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായാണ് മൂന്ന് ഇസ്രയേല്‍ ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നത്.
എലി ഷറാബി(52), ഒഹാദ് ബെന്‍ ആമി (56), ഓര്‍ ലെവി (34) എന്നിവരെയാണ് മോചിപ്പിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ജനുവരി 19ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം തടവുകാരെ കൈമാറുന്ന അഞ്ചാമത്തെ സംഭവമാണിത്. 18 ബന്ദികളെയും 550ലധികം പലസ്തീന്‍ തടവുകാരെയും ഇതിനകം മോചിപ്പിച്ചു. കഴിഞ്ഞയാഴ്ച, പരിക്കേറ്റ പലസ്തീനികളെ മെയ് മാസത്തിന് ശേഷം ആദ്യമായി ഗാസയില്‍ നിന്ന് ഈജിപ്തിലേയ്ക്ക് പോകാന്‍ അനുവദിച്ചു.
അതേസമയം 183 പലസ്തീന്‍ തടവുകാരില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 18 പേരെയും ദീര്‍ഘകാല അനുഭവിക്കുന്ന 54 പേരെയും 111 പലസ്തീനികളെയും ഇന്ന് തന്നെ മോചിപ്പിക്കുമെന്നാണ് കരുതുന്നത്. എല്ലാവരും 20 മുതല്‍ 61 വയെസ് വരെയുള്ള പുരുഷന്‍മാരാണ്. ഇതിനിടെ പലസ്തീന്‍ പുനരുദ്ധാരണ പദ്ധതി ഉടന്‍ നടപ്പിലാക്കാന്‍ അമേരിക്കയ്ക്ക് തിടുക്കമില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മില്‍ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതായി വ്യക്തതയില്ല. രണ്ടാം ഘട്ട കരാറിലെത്തിയില്ലെങ്കില്‍ മാര്‍ച്ച് ആദ്യം യുദ്ധം വീണ്ടും ആരംഭിച്ചേക്കുമെന്നാണ് ആശങ്ക.