‘ഹമാസ് നേതാക്കൾ ആയുധം താഴെ വെച്ചാൽ ഗാസ വിട്ടുപോകാൻ അനുവദിക്കും’: നെതന്യാഹു

തെൽ അവിവ് : പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിനെതിരെ പുതിയ നിബന്ധനകൾ മുന്നോട്ടുവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് നേതാക്കൾ ആയുധം താഴെ വെച്ചാൽ ഗാസ വിട്ടുപോകാൻ അനുവദിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. ഹമാസിനുള്ളൽ വിള്ളലുകളുണ്ടായിട്ടുണ്ടെന്നും ഹമാസിനു മേലുള്ള സൈനിക സമ്മർദ്ദം ഫലപ്രദമാണെന്നും നെതന്യാഹു പറഞ്ഞു.
“അവസാന ഘട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. ഹമാസ് ആയുധങ്ങൾ താഴെവെയ്ക്കണം. അവരുടെ നേതാക്കളെ പുറത്തുപോകാൻ അനുവദിക്കും. ഗാസ മുനമ്പിൽ പൊതു സുരക്ഷ ഞങ്ങൾ ഉറപ്പാക്കുകയും ട്രംപിന്റെ പദ്ധതി നടപ്പാക്കുകയും ചെയ്യും. ഏത് സമയത്തും ഇതിനെക്കുറിച്ച് ചർച്ചചെയ്യാൻ തയ്യാറാണെന്നും നെതന്യാഹു പറഞ്ഞു.
വെടിനിർത്തലിന് പകരമായി അമേരിക്കൻ-ഇസ്രായേലിയായ എഡാൻ അലക്സാണ്ടർ ഉൾപ്പെടെ അഞ്ച് ബന്ദികളെ മോചിപ്പിക്കാനുള്ള ഈജിപ്തിന്റെ പുതിയ നിർദ്ദേശം ഹമാസ് അംഗീകരിച്ചതിനെ തുടർന്നാണ് ഈ നീക്കം. പ്രാരംഭ വെടിനിർത്തൽ വ്യവസ്ഥകളിലേക്ക് മടങ്ങാനും, പ്രദേശത്തേക്ക് മാനുഷിക സഹായം അനുവദിക്കാനും, വെടിനിർത്തലിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവയ്ക്കാനും ഹമാസ് ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം.മധ്യസ്ഥരായ ഈജിപ്തിന്റെ നിർദ്ദേശത്തിന് ഒരു എതിർ നിർദേശം ഇസ്രയേൽ നൽകിയിട്ടുണ്ട്.
ഈ മാസം ആദ്യം, ഇസ്രായേൽ ഗാസയിൽ വീണ്ടും ആക്രമണം ആരംഭിക്കുകയും പ്രദേശത്തേക്കുള്ള മാനുഷിക സഹായങ്ങൾക്ക് പൂർണ്ണമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ശേഷിക്കുന്ന 24 ബന്ദികളെ മോചിപ്പിക്കുന്നതുവരെ ഗാസയുടെ ചില ഭാഗങ്ങളിൽ തങ്ങളുടെ സൈന്യം സ്ഥിരമായ സാന്നിധ്യം നിലനിർത്തുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
ഗാസ ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച്, 2023 ഒക്ടോബർ 7 ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ഭീകരാക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 50,277 പലസ്തീനികൾ കൊല്ലപ്പെടുകയും 114,095 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.