എയർ അറേബ്യ വിമാനം റദ്ദാക്കി; മലയാളികൾ ഉൾപ്പെടെ സംഘം രണ്ട് ദിവസമായി അസർബൈജാനിൽ കുടുങ്ങിക്കിടക്കുന്നു

ബാകു : അസർബൈജാനിൽ സന്ദർശനത്തിന് പോയ മലയാളികൾ ഉൾപ്പെടെയുള്ള ഷാർജയിലേക്കുള്ള 160 യാത്രക്കാർ രണ്ട് ദിവസമായി ബാക്കു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. 30ാം തീയതി വൈകിട്ട് 5ന് പുറപ്പെടേണ്ട ജി9301 എയർ അറേബ്യ ഫ്ലൈറ്റ് സാങ്കേതിക തകരാറിനെത്തുടർന്ന് റദ്ദാക്കിയതോടെയാണ് ഇവർ അസർബൈജാനിൽ കുടുങ്ങിയത്.
കോഴിക്കോട് നിന്നെത്തിയ 23 പേരും സംഘത്തിലുണ്ട്. ഒരാഴ്ച മുമ്പ് അസർബൈജാനിൽ എത്തിയ സംഘം സന്ദർശനം കഴിഞ്ഞ് 30 ന് ഉച്ചയോടെ വിമാനത്താവളത്തിൽ എത്തിയിരുന്നു. എമിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷമാണ് വിമാനം വൈകിയേ പുറപ്പെടുകയുള്ളു എന്നറിയിച്ചത്. രണ്ട് തവണ നൽകിയ സമയത്തിനും വിമാനം പുറപ്പെടാതെ വന്നതോടെ എട്ടു മണിക്കുറുകൾക്ക് ശേഷം സങ്കേതിക തകരാറെന്ന് അറിയിച്ച് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
എന്നാൽ തിങ്കളാഴ്ച മൂന്ന് പ്രാവശ്യം സമയം മാറ്റി മാറ്റി നൽകിയെങ്കിലും വിമാനം പുറപ്പെട്ടില്ല. നിലവിൽ ഇന്ന് വൈകിട്ട് 6 ന് പുറപ്പെടുമെന്ന മെയിൽ സന്ദേശമാണ് യാത്രക്കാർക്ക് കിട്ടിയിരിക്കുന്നത്. എയർ അറേബ്യയുടെ പ്രതിനിധികളാരും യാത്രക്കാരെ നേരിൽ സമീപിക്കുകയോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. മറിച്ച് മെയിലുകളിൽനിന്ന് മാത്രമാണ് വിവരം ലഭിക്കുന്നത്.
ഒന്നാം തീയതി രാത്രി 10നും ശേഷം രണ്ടിനും, പിന്നീട് രണ്ടിന് പുലർച്ചെ ആറിനും പറുപ്പെടുമെന്ന് അറിയിപ്പ് ലഭിച്ചതിനാൽ മുറിയിലായിരുന്നിട്ടും സമാധാനത്തോടെ വിശ്രമിക്കാൻ സാധിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു. ചെറിയ കുട്ടികളും രോഗികളും ഉൽപടെയുള്ളവർ യാത്രക്കാരായുണ്ട്. 50 ഓളം പേർ മലയാളികളാണ്. തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കേണ്ട ചിലർ മറ്റ് ടിക്കറ്റുകൾ നേടി യാത്ര ചെയ്തു. എയർ അറേബ്യ അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.



