ചെങ്കടലിൽ ഗ്രീക്ക് കപ്പലിന് നേരെ ആക്രമണം; നാല് ജീവനക്കാർ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

സന്‍ആ : ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍- സ്പീഡ് ബോട്ട് ആക്രമണത്തില്‍ നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ലൈബീരിയന്‍ പതാക വഹിച്ചതും ഗ്രീക്ക് നിയന്ത്രണത്തിലുള്ളതുമായ ബള്‍ക്ക് കാരിയര്‍ കപ്പലായ എറ്റേണിറ്റി സിക്കാണ് യെമന്‍ തുറമുഖമായ ഹുദൈദയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ആക്രമണം ഉണ്ടാകുന്നത്. ഇന്നലെയാണ്(ചൊവ്വാഴ്ച) സംഭവം. ഒരു ദിവസത്തിനുള്ളിൽ നടന്ന രണ്ടാമത്തെ ആക്രമണമാണിത്.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ യെമനിലെ ഹൂത്തികള്‍ ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ലക്ഷ്യമിടാന്‍ തുടങ്ങിയിരുന്നു. ഇതോടെ എണ്ണയുടെയും ചരക്കുകളുടെയും പ്രധാന ജലപാതയായ ചെങ്കടലിലെ ട്രാഫിക് കുറയുകയും ചെയ്തിരുന്നു. എറ്റേണിറ്റി സിക്ക് നേരെയുണ്ടായ ആക്രമണത്തോടെ ചെങ്കടലിലെ കപ്പല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം എട്ടായി.
അതേസമയം ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാൽ മണിക്കൂറുകൾക്ക് മുമ്പ്, ലൈബീരിയ പതാക വഹിച്ച ഗ്രീക്ക് ഓപ്പറേറ്റഡ് ബൾക്ക് കാരിയർ കപ്പൽ എംവി മാജിക് സീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
അതേസയം 21 ഫിലിപ്പിനോക്കാരും ഒരു റഷ്യക്കാരനും ഉള്‍പ്പെടെ 22 ജീവനക്കാരാണ് കപ്പലിലില്‍ ഉണ്ടായിരുന്നതെന്ന് ലൈബീരിയന്‍ ഷിപ്പിംഗ് പ്രതിനിധി സംഘം ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് മുങ്ങിത്താഴ്ന്ന കപ്പലില്‍ നിന്ന് 19 ജീവനക്കാരെ അത് വഴി കടന്നുപോവുകയായിരുന്ന മറ്റൊരു കപ്പല്‍ രക്ഷപ്പെടുത്തി ജിബൂട്ടിയില്‍ എത്തിച്ചതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.