കേരളം

മുട്ടത്തറയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള 332 ഫ്ലാറ്റുകൾ സർക്കാർ കൈമാറി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ‘പുനർഗേഹം’ പദ്ധതിയിലൂടെ മുട്ടത്തറയിൽ 332 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്‌ മെച്ചപ്പെട്ട ജീവിതത്തിലേക്ക്‌ മാറിയിരിക്കുന്നത്‌. നിർമാണം തുടങ്ങി മൂന്ന് വർഷത്തിനകം അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫ്ലാറ്റുകൾ കടലിന്റെ മക്കൾക്ക് കൈമാറാനായി.

കടൽക്ഷോഭത്തിൽ താമസസ്ഥലവും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നത്‌ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. ഈ ആവശ്യം അംഗീകരിച്ച്‌ സംസ്ഥാന സർക്കാർ ഭൂമി കണ്ടെത്തി അവരെ പുനരധിവസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വീട് നഷ്ടപ്പെട്ട് വാടകവീടുകളിൽ താമസിക്കുന്നവർക്ക് കിടപ്പാടം പൂർത്തിയാകുന്നതുവരെ പ്രതിമാസം 5500 രൂപ വീതം വീട്ടുവാടകയും നൽകി.

പദ്ധതിക്കായി മുട്ടത്തറ വില്ലേജിൽ ക്ഷീര വികസന വകുപ്പിന്റെ കൈവശത്തിലുണ്ടായിരുന്ന എട്ട്‌ ഏക്കർ ഭൂമി മത്സ്യബന്ധന വകുപ്പിന് സർക്കാർ കൈമാറുകയായിരുന്നു. പുനർഗേഹം പദ്ധതി പ്രകാരം 400 ഫ്ലാറ്റുകൾ നിർമിക്കുന്നതിനായി 81 കോടി രൂപയുടെ ഭരണാനുമതി നൽകി. പദ്ധതിയുടെ നിർവഹണ ചുമതല ഹാർബർ എൻജിനിയറിങ് വകുപ്പിനെ ഏൽപ്പിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ––ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. 2023 ഫെബ്രുവരി 10-ന് നിർമാണ ഉദ്ഘാടനം നിർവഹിച്ചു.

ആദ്യ ഘട്ടമായി 332 ഫ്ലാറ്റും രണ്ടാം ഘട്ടമായി പാരിസ്ഥിതികാനുമതി ലഭിച്ച ശേഷം 68 ഫ്ലാറ്റുകളുടെയും നിർമാണം പൂർത്തീകരിക്കാനുമാണ്‌ തീരുമാനിച്ചത്‌. ആദ്യഘട്ടമായി 332 ഫ്ലാറ്റുകളുടെ നിർമാണമാണ് ഇപ്പോൾ പൂർത്തിയാക്കി കൈമാറിയത്. ജില്ലയിൽ ദുരിതസാധ്യത മുന്നിൽക്കണ്ട് സർക്കാർ കൂടുതൽ ഭവനസമുച്ചയങ്ങൾക്കുള്ള നടപടിയെടുത്തിട്ടുണ്ട്‌. കടകംപള്ളി വേളിയിൽ 168 ഫ്ലാറ്റുകൾക്കും വലിയതുറ സെന്റ് ആന്റണീസ് സ്കൂളിന് സമീപം 24 ഫ്ലാറ്റുകൾക്കും ഭരണാനുമതി നൽകിയിട്ടുണ്ട്. ഈ വർഷം 168 വ്യക്തിഗത ഭവന നിർമാണത്തിനും അനുമതി നൽകാനുള്ള നടപടിയെടുത്തു. ലൈഫ് ഭവന പദ്ധതിയിലൂടെയും പുനർഗേഹം പദ്ധതിയിലൂടെയും സംസ്ഥാനത്തെ ഭൂരഹിതർക്കും ഭവനരഹിതർക്കും സുരക്ഷിത പാർപ്പിടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്.

ആകെയുള്ള എട്ട്‌ ഏക്കറിൽ ഏഴ്‌ ഏക്കറിലാണ്‌ ഭവന സമുച്ചയം. ബാക്കി വരുന്ന ഒരേക്കറിൽ മറ്റു പൊതുസൗകര്യങ്ങൾ, പാർക്കിങ്‌, കളിസ്ഥലം എന്നിവയുണ്ട്‌. ഓരോ ഫ്ലാറ്റ് യൂണിറ്റിനും 51.30 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. അത്തരത്തിലുള്ള എട്ട്‌ യൂണിറ്റുകൾ ഉൾകൊള്ളുന്നതാണ് ഒരു കെട്ടിടം. അപ്രകാരം 50 ചെറു കെട്ടിടങ്ങളാണ് ഈ സമുച്ചയത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഒരു കെട്ടിടത്തിന് 431 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. ഓരോ ഫ്ലാറ്റിലും ഒരു ഇരുപ്പുമുറിയും ഭക്ഷണമുറിയും, രണ്ട് കിടപ്പുമുറികൾ, ശൗചാലയം, അടുക്കള എന്നീ സൗകര്യങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

തീരത്തുനിന്ന്‌ ഏകദേശം 500 മീറ്റർ അകലെയാണ് ഈ സ്ഥലം. ഈ പ്രദേശത്ത് നിലവിലുള്ള പ്രതീക്ഷ ഫ്ലാറ്റുകൾക്ക് സമാനമായ രീതിയിൽ സ്ഥലം മണ്ണ് നികത്തി ഉയർത്തിയിട്ടുണ്ട്. ഇന്റേണൽ റോഡ്‌, മഴവെള്ള സംഭരണം, അഴുക്കുചാൽ, ചുറ്റുമതിൽ, മുറ്റം ഇന്റർലോക്ക്‌, സുരക്ഷിതമായ നടപ്പാതകൾ തുടങ്ങി മികച്ച സൗകര്യങ്ങൾ ഇവിടെ ഒരുക്കി. മറ്റ്‌ അടിസ്ഥാന സൗകര്യങ്ങൾക്ക്‌ മാത്രമായി 8.86 കോടി രൂപയാണ്‌ ചെലവിട്ടത്‌. 471 മീറ്റർ നീളവും 12 മീറ്റർ ഉയരവുമുള്ളതാണ്‌ സംരക്ഷണ ഭിത്തി. ഫ്ലാറ്റിന്റെ ടെറസിൽ വീഴുന്ന മഴവെള്ളവും പരിസര ഭാഗങ്ങളിൽ നിന്നുള്ള മഴവെള്ളവും ശേഖരിച്ച്‌ പാർവ്വതി പുത്തനാറിലേക്ക് ഒഴുക്കി വിടുന്നതിന് 1.5 മീറ്റർ വീതിയിൽ 133 മീറ്റർ നീളത്തിലുള്ള ഡ്രെയിനേജ് കനാലും പദ്ധതിയിൽ പൂർത്തീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button