പണിമുടക്ക് അവസാനിപ്പിക്കാൻ ഉപാധികൾ വെച്ച് മെഡിക്കൽ അസോസിയേഷൻ ഓഫ് മാൾട്ട
ഡോക്ടർമാരുടെ ഭാഗിക പണിമുടക്ക് അവസാനിപ്പിക്കാനായി സർക്കാരും മെഡിക്കൽ അസോസിയേഷനുമായി അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. ആരോഗ്യവകുപ്പിന് മുന്നിൽ നിരവധി ആവശ്യങ്ങളാണ് ഡോക്ടർമാരുടെ സംഘടന ഉയർത്തിയിരിക്കുന്നതെന്ന് മാൾട്ട ടുഡേ റിപ്പോർട്ട് ചെയ്തു.എല്ലാ ജനറൽ പ്രാക്ടീഷണർമാരെയും (GPs) പ്രിൻസിപ്പൽ ജനറൽ പ്രാക്ടീഷണറുടെ റോളിലേക്ക് പ്രൊമോട്ട് ചെയ്യണമെന്നതാണ് മെഡിക്കൽ അസോസിയേഷൻ ഓഫ് മാൾട്ടയുടെ പ്രധാന ആവശ്യം.
എല്ലാ ഷിഫ്റ്റ് മേധാവികൾക്കും അധിക സെഷൻ അലവൻസ് നൽകാനും അസോസിയേഷൻ നിർദ്ദേശിക്കുന്നു. പ്രമോഷൻ്റെയും അധിക സെഷൻ അലവൻസിൻ്റെയും സാമ്പത്തിക ബാധ്യതകൾ സർക്കാർ നിലവിൽ വിലയിരുത്തുകയാണെന്നാണ് മാൾട്ട ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാർ വെള്ളിയാഴ്ച മുതൽ ഭാഗികമായി പണിമുടക്കുകയാണ്. മോസ്റ്റ, ഫ്ലോറിയാന, പാവോള, ഗോസോ പോളിക്ലിനിക്കുകൾ ഒഴികെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർ പ്രവർത്തിക്കില്ലെന്ന് മെഡിക്കൽ അസോസിയേഷൻ മാൾട്ട പ്രഖ്യാപിച്ചു. ഈ നിലപാട് Gżira, Qormi, Kirkop, Cospicua, Rabat, Birkirkara ആരോഗ്യ കേന്ദ്രങ്ങളെ ബാധിക്കുന്നുണ്ട് .
മറ്റെർ ഡെയ് ആശുപത്രിയിലെ ചികിത്സാ സമ്മർദ്ദം ലഘൂകരിക്കാൻ സ്വകാര്യ ആശുപത്രികൾക്ക് എമർജൻസി കേസുകൾ ഔട്ട്‌സോഴ്‌സിംഗ് നൽകുന്നതിനെ കുറിച്ച് MAM-ഉം സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡോക്ടർമാരുടെ ഈ ആഹ്വാനം. വിഷയത്തിൽ തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്നും രോഗികളെ റഫർ ചെയ്യരുതെന്ന് അംഗങ്ങളോട് ഉത്തരവിട്ടിട്ടുണ്ടെന്നും ഡോക്ടർമാരുടെ യൂണിയൻ പറഞ്ഞു.