വാളയാര്‍ ആള്‍ക്കൂട്ട കൊല്ലപാതകം : രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം ധനസഹായവുമായി സര്‍ക്കാര്‍

തിരുവനന്തപുരം : വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുപ്പത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാളയാര്‍ ഛത്തീസ്ഗഢ് ബിലാസ്പുര്‍ സ്വദേശി മുപ്പത്തിയൊന്നുകാരനായ രാംനാരായണ്‍ ഭയ്യാര്‍ ആണ് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്.
ആ ഹീന സംഭവത്തിന് പിന്നിലുള്ള മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴികഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. അപരമതവിദ്വേഷത്തിന്റെ ഭാഗമായാണ് ഒരുസംഘം രാംനാരായണനെ കൊലപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ നടത്തുന്ന ആള്‍ക്കൂട്ട കൊല കേരളത്തിലേക്ക് മറിച്ചുനടാനുള്ള ശ്രമമാണ് ഇത്. ബംഗ്ലാദേശ് കുടിയേറ്റക്കാരന്‍ എന്ന് അക്രമികള്‍ ചാപ്പകുത്തുകയും ചെയ്തു. ആള്‍ക്കൂട്ട കൊല കേരളത്തിലേക്ക് വ്യാപിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ് കേരളത്തിലുണ്ടായത്. കുടുംബത്തെ സംരക്ഷിക്കാനാണ് ജോലിക്കായി യുവാവ് കേരളത്തില്‍ എത്തിയതെന്നും മുഖ്യന്ത്രി പറഞ്ഞു. ഭാര്യക്കും അമ്മക്കും അഞ്ച് ലക്ഷം വീതവും മക്കളുടെ പേരില്‍ പത്ത് ലക്ഷം വീതവും നല്‍കും.
ഡിസംബര്‍ 18-നാണ് രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരുസംഘം അതിക്രൂരമായി മര്‍ദ്ദിച്ചത്. എന്നാല്‍ ഇയാളുടെ കയ്യില്‍ മോഷണവസ്തുക്കളൊന്നും ഇല്ലായിരുന്നു. നാട്ടുകാരുടെ മര്‍ദനമേറ്റ രാം നാരായണ്‍ ചോരതുപ്പി നിലത്തുവീണു നാലുമണിക്കൂറോളം വഴിയില്‍ കിടന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള പീഡനമാണ് രാം നാരായണനു നേരെയുണ്ടായതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മര്‍ദനമേല്‍ക്കാത്തതായി ശരീരത്തില്‍ ഒരു ഭാഗവുമില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ചവിട്ടേറ്റു വാരിയെല്ലുകള്‍ പൊട്ടി. തലയില്‍ സാരമായ പരിക്കും ശരീരത്തില്‍ ചവിട്ട്, കുത്ത് എന്നിവയുടെ പാടുകളുമുണ്ട്. ആന്തരിക രക്തസ്രാവമാണു മരണകാരണം. പോസ്റ്റ്‌മോര്‍ട്ടത്തിനു മുന്‍പ് മൃതദേഹം മുഴുവനായി സ്‌കാനിങ്ങിന് വിധേയമാക്കിയതിനാല്‍ ശരീരത്തിലെ പരിക്കുകള്‍ കൃത്യമായി കണ്ടെത്താനായി. ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനാണ്. പതിനായിരം പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും ഇത്രയേല്‍ മര്‍ദനമേറ്റ മൃതദേഹം ആദ്യമായാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.
കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്നതാണ് വാളയാറിലെ സംഭവം. രാം നാരായണിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കും. വിഷയത്തില്‍ പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിന്റെ വിശദംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.



