
ന്യൂഡൽഹി : ഒരേ ഇമെയിൽ ഐഡി ഉപയോഗിച്ച നമുക്ക് ചിലപ്പോഴെങ്കിലും തോന്നാറില്ലേ ഇതിനൊരു മാറ്റം വരുത്താൻ പറ്റിയിരുന്നെങ്കിലെന്ന്. എന്നാൽ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. പുതിയ ഫീച്ചർ എത്തുന്നതോടെ @gmail.com ന് മുൻപുള്ള ഇമെയിൽ ഐ ഡി മാറ്റാൻ ഉപയോക്താക്കൾക്ക് സാധിക്കും. മെയിലുമായി ബന്ധപ്പെട്ട വിവരങ്ങൾ, കോൺടാക്റ്റുകൾ, ഫയലുകൾ എന്നിവക്ക് മാറ്റമുണ്ടാകാതെ തന്നെ ഐഡി മാറ്റാൻ സാധിക്കും. കൂടാതെ പഴയ ഐ ഡിയിൽ അയക്കുന്ന സന്ദേശങ്ങൾ പുതിയ ഇൻബോക്സിലേക്ക് എത്തുകയും ചെയ്യും.
ഉപയോക്താക്കൾക്ക് അവർ മുൻപ് നിർമ്മിച്ച മെയിൽ ഐഡിയിൽ മാറ്റം വരുത്താൻ സാധിക്കുന്നിലെന്ന പരാതി നിരവധി തവണ ഉയർന്ന് വന്നിരുന്നു. ഇതിനാലാണ് ഇങ്ങനെ ഒരു മാറ്റത്തിന് കമ്പനി ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഫീച്ചർ ഉപയോഗപ്രദമാണെങ്കിലും നിയന്ത്രണങ്ങളോടെ ആയിരിക്കും ഫീച്ചർ എത്തുക. ഒരിക്കൽ ഇമെയിൽ വിലാസം എഡിറ്റ് ചെയ്യുകയോ മാറ്റുകയോ ചെയ്താൽ 12 മാസത്തിന് ശേഷമേ വീണ്ടും ഒരു എഡിറ്റ് സാധ്യമാകു. ഒരാൾക്ക് അയാളുടെ അക്കൗണ്ടിൽ മൂന്ന് തവണ മാത്രമേ മാറ്റം നടത്താൻ കഴിയു. പഴയ മെയിൽ അഡ്രസ്സ് പിന്നീട് യൂസർ നെയിം ആയി ലോഗിൻ ചെയ്യാനും പറ്റില്ല.
ഗൂഗിൾ അക്കൗണ്ടിലെ മൈ അക്കൗണ്ടിൽ (My Account ) പോയി ഉപഭോക്താക്കൾക്ക് ഇമെയിൽ ഐഡി മാറ്റാവുന്നതാണ്. ഫീച്ചർ ഘട്ടം ഘട്ടമായി പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ചിലയിടങ്ങയിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ എത്തിയതായും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഈ പുതിയ മാറ്റത്തിനെ സംബന്ധിച്ച് ഗൂഗിൾ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.



