ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്കയാക്കി ഗൂഗിൾ

വാഷിങ്ടൺ : ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി ഗൂഗിൾ മാപ്പ്സ്. പേര് മാറ്റാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവിനെ തുടർന്നാണ് നടപടി.
മെക്‌സിക്കോയുടെ കിഴക്കൻ തീരത്തും യുഎസിന്‍റെ ദക്ഷിണ ഭാഗത്തുമായി വ്യാപിച്ചുകിടക്കുന്ന കടലാണ് ഗൾഫ് ഓഫ് മെക്സിക്കോ. യുഎസ് ജിയോളജിക്കൽ സർവേയുടെ ജിയോഗ്രാഫിക് നെയിംസ് ഇൻഫർമേഷൻ സിസ്റ്റം അടിസ്ഥാനപ്പെടുത്തിയാണ് പേര് മാറ്റിയതെന്ന് ഗൂഗിൾ അറിയിച്ചു.
യുഎസിലെ ഉപയോക്താക്കൾക്ക് മാപ്പിൽ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാണ് കാണാനാവുക. അതേസമയം മെക്സിക്കോയിലുള്ളവർക്ക് യഥാർഥ പേര് തന്നെ കാണാം. രണ്ട് രാജ്യങ്ങൾക്ക് പുറത്തുള്ള ഉപയോക്താക്കൾക്ക് യാഥാർഥ പേരിനൊപ്പം ബ്രാക്കറ്റിലായി ഗൾഫ് ഓഫ് അമേരിക്ക എന്നും കാണിക്കും. അതേസമയം, ആപ്പിളിന്‍റെ മാപ്‌സിൽ പേരുമാറ്റം വന്നിട്ടില്ല.
ഗൾഫ് ഓഫ് മെക്സിക്കോയെ ഗൾഫ് ഓഫ് അമേരിക്ക എന്ന് പുനർനാമകരണം ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഞായറാഴ്ചയാണ് ഒപ്പുവച്ചത്. ഫെബ്രുവരി ഒമ്പത് ‘ഗൾഫ് ഓഫ് അമേരിക്ക ദിന’മായും അദ്ദേഹം പ്രഖ്യാപിച്ചു.
ട്രംപ് ഭരണകൂടവും മെക്‌സിക്കോയും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിലാണ് പേരുമാറ്റൽ. മെക്സിക്കോയിൽനിന്നുള്ള ചരക്കുകൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് അടുത്തിടെ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, 10,000 നാഷണൽ ഗാർഡ് സൈനികരെ അതിർത്തിയിലേക്ക് അയയ്ക്കാൻ മെക്സികോ സമ്മതിച്ചതിനെത്തുടർന്ന് ഈ നടപടി താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.
ഗൾഫ് ഓഫ് മെക്സികോ എന്ന പേര് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നതാണ്. അതാണിപ്പോൾ ട്രംപ് പുനർനാമകരണം ചെയ്തിരിക്കുന്നത്. ഇത് കൂടാതെ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അലാസ്കയിലെ ഡെനാലി പർവതത്തിന്‍റെ പേര് മക്കിൻലി പർവതം എന്നാക്കിയിട്ടുണ്ട്.