അഭ്യൂഹങ്ങൾക്കും വിരാമം; ഷൂമാക്കറുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയെന്ന് റിപ്പോർട്ട്

ബെർലിൻ : ഫോർമുല വൺ ഇതിഹാസം മൈക്കിൾ ഷൂമാക്കറിന്റെ ആരോഗ്യാവസ്ഥയിൽ ഏറെ നാളായുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അന്തർദേശീയ മാധ്യമം. സ്കീയിങ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായ ഷൂമാക്കറിന്റെ ആരോഗ്യാവസ്ഥയിൽ പുരോഗതി എന്നാണ് ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയിലിന്റെ കണ്ടെത്തൽ.
12 വർഷം മുൻപ് ഫ്രഞ്ച് ആൽപ്സിലെ സ്കീയിങ്ങിനിടെയാണ് പാറക്കെട്ടിലിടിച്ച് താരത്തിന് ഗുരുതരമായി പരുക്കേറ്റത്. നിലവിൽ വീൽച്ചെയറിൽ ഇരിക്കാനാകുന്ന തരത്തിൽ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് വിവരം. 57-കാരനായ താരം ലോക്ക്ഡ്-ഇൻ സിൻഡ്രോം എന്ന അവസ്ഥയിലാണെന്ന അഭ്യൂഹങ്ങളെ തള്ളുന്നതാണ് പുറത്തുവന്ന കാര്യങ്ങൾ. മറ്റ് വിവരങ്ങളൊന്നും പുറത്തുവരാതെയാണ് ഒപ്പമുള്ളവർ ഷൂമാക്കറിനെ സംബന്ധിച്ച വിവരങ്ങൾ തുടക്കംമുതൽ കൈകാര്യംചെയ്യുന്നത്.
ആരാധകരെ ആശങ്കയിലാഴ്ത്തി ഷൂമാക്കർ അന്തരിച്ചെന്ന വാർത്ത സമീപദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ മറ്റൊരു മൈക്കൽ ഷൂമാക്കറാണ് യാഥാർത്ഥത്തിൽ മരിച്ചതെന്ന വാർത്ത പീന്നീട് സ്ഥിരീകരിക്കുകയായിരുന്നു.



