കൊച്ചി : കേരളത്തിൽ ആദ്യമായി സ്വർണവില 50,000 രൂപ പിന്നിട്ടു. ഒരു പവൻ സ്വർണത്തിന് 50,400 രൂപയായി. 1,040 രൂപയാണ് ഇന്ന് മാത്രം വർധിച്ചത്. ആദ്യമായാണ് കേരളത്തിൽ ഒരു ദിവസം 1,000ലേറെ രൂപ സ്വർണത്തിന് വർധിക്കുന്നത്. മാർച്ച് 21ന് രേഖപ്പെടുത്തിയ 49,400 രൂപയായിരുന്നു ഇതിന് മുന്നത്തെ മികച്ച വില. ഇന്നലെ 49,360 രൂപയായിരുന്നു.
ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് പവന് അരലക്ഷം രൂപ കടക്കുന്നത്. മാർച്ച് മാസത്തിന്റെ തുടക്കം മുതൽ വില വർധന പ്രകടമായിരുന്നു. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞവിലയായ 45,520 രൂപയിൽ നിന്ന് 4,880 രൂപയാണ് വർധിച്ചത്. സ്വർണ വില കുതിക്കുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. ഒരു പവൻ സ്വർണം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 55,000 രൂപയെങ്കിലും വേണ്ടി വരും.
അമേരിക്ക അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തലുകളും ഡോളറിന്റെ മൂല്യം താഴ്ന്നതുമാണ് സ്വർണവില വർധിക്കാൻ കാരണം. സുരക്ഷിത നിക്ഷേപമെന്നോണം സ്വർണത്തിന്റെ ഡിമാന്‍ഡ് കൂടിയതോടെ വില കത്തിക്കയറുകയായിരുന്നു.