അന്തർദേശീയം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തറിൽ

ദോഹ : ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തറിലെത്തി. ബുധനാഴ്ച രാവിലെ റിയാദിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ പ​​​ങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക് 2.20ഓടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമേരിക്കൻ പ്രസിഡന്റിനെ ഖത്തർ അമീർ ശൈയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തി സ്വീകരിച്ചു. 22 വർഷത്തിനു ശേഷം ഒരു അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് വേദിയാകുന്ന ഖത്തർ വൻ വരവേൽപാണ് അമേരിക്കൻ പ്രസിഡന്റിനായി ഒരുക്കിയത്.

ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ച യുഎസ് പ്രസിഡന്റിന്റെ വിമാനത്തെ അമീരി വ്യോമസേനയുടെ അകമ്പടിയോടെ സ്വീകരിച്ചു. ദോഹ കോർണിഷ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ അമേരിക്കൻ, ഖത്തർ ദേശീയ പതാകകൾ കൊണ്ട് അലങ്കരിച്ചിരുന്നു. വൻ സുരക്ഷാ ക്രമീകരണമാണ് നഗരത്തിലുടനീളം ഒരുക്കിയത്. പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ ഭാഗമായി ​ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിവരെ ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡുകളും അടച്ചു. യാത്രക്കാർ ദോഹ മെട്രോ സേവനം ഉപയോഗപ്പെടുത്തണമെന്ന് ഹമദ് വിമാനത്താവളം അധികൃതർ നിർദേശിച്ചു.

ദോഹയിലെത്തിയ ട്രംപിന്റെ ആദ്യ പരിപാടി അമീരി ദിവാനിലാണ്. സ്വീകരണ ചടങ്ങുകൾക്കായി ഖത്തർ അമീറിനൊപ്പം ട്രംപ് അമീരി ദിവാനിലെത്തി. അമീരി ദിവാനിൽ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. അറബ്-യുഎസ് ഉച്ചകോടിയിൽ പ​ങ്കെടുത്ത ശേഷം ട്രംപ് ദോഹയിലെത്തുമ്പോൾ പുതിയ നീക്കങ്ങളുണ്ടാകുമെന്ന് ലോകം പ്രതീക്ഷിക്കുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഉച്ചകോടിയിൽ പ​ങ്കെടുത്തിരുന്നു. ഗാസ വെടിനിർത്തൽ ചർച്ചകളിൽ ട്രംപിന്‍റെ സന്ദർശനത്തോടെ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇസ്രായേൽ-ഹമാസ് പ്രതിനിധികൾ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തി വെടിനിർത്തൽ ചർച്ചകൾ വീണ്ടും സജീവമാക്കിയിരുന്നു.

അതേസമയം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ബുധനാഴ്ച ദോഹയിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ഖത്തർ അമീറുമായും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഖ​ത്ത​ർ സന്ദർശനത്തിന് ശേ​ഷം, വ്യാഴാഴ്ച യു.​എ.​ഇ കൂ​ടി സ​ന്ദ​ർ​ശി​ച്ച് ട്രംപിന്റെ പശ്ചിമേഷ്യൻ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​കും. അമേരിക്കൻ പ്രസിഡന്റിന്റെ പശ്ചിമേഷ്യൻ പര്യടനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button