യൂറോപ്യൻ യൂണിയൻ വാർത്തകൾ

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണം : പ്രതി കടുത്ത ഇസ്‌ലാം വിമർശകനായ ‘എക്‌സ്-മുസ്‌ലിം’

ബെർലിൻ : ജർമനിയെ ഞെട്ടിച്ച ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിനു പിന്നിൽ കടുത്ത ഇസ്‌ലാം വിമർശകൻ. മാർക്കറ്റിലേക്ക് കാർ ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തിൽ സൗദി അറേബ്യൻ വംശജനായ ഡോക്ടർ താലിബ് അബ്ദുൽ മുഹ്‌സിൻ(50) അറസ്റ്റിലായിരുന്നു. ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി(എഎഫ്ഡി) അനുയായി കൂടിയാണ് ഇയാളെന്നാണു പുറത്തുവരുന്ന വിവരം.

ഇന്നലെ രാത്രിയാണ് ജർമൻ നഗരമായ മാഗ്‌ഡെബുർഗിൽ ഭീകരാക്രമണം നടന്നത്. നഗരം ക്രിസ്മസ് ആഘോഷത്തിരക്കിലമർന്ന സമയത്തായിരുന്നു ആക്രമണം. ആൾക്കൂട്ടത്തിനിടയിലേക്ക് പ്രതി ബിഎംഡബ്ല്യു കാർ ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നാലെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.

ജർമനിയിൽ സ്ഥിരതാമസക്കാരനാണ് താലിബ്. മാഗ്‌ഡെബുർഗിലെ സാക്‌സണി-അൻഹാൾട്ടിലാണ് ഇയാൾ താമസം. സൗദി അറേബ്യയിലെ ഹുഫൂഫ് സ്വദേശിയാണ്. 2006ലാമ് സൗദിയിൽനിന്ന് ജർമനിയിലേക്ക് കുടിയേറുന്നത്. സൈക്യാട്രിയിലും സൈക്കോ തെറാപ്പിയിലും സ്‌പെഷലിസ്റ്റ് ആണ് ഇയാളെന്നാണു വിവരം. 2016ൽ അഭയാർഥി പട്ടികയിലും ഉൾപ്പെട്ടിരുന്നു.

ഇസ്‌ലാം മതം ഉപേക്ഷിച്ചവർക്കുള്ള സേവനപ്രവർത്തനങ്ങളുമായി താലിബ് സജീവമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗദി ഉള്‍പ്പെടെയുള്ള ഗൾഫ് രാജ്യങ്ങളില്‍നിന്നുള്ള ഇസ്‌ലാം ഉപേക്ഷിച്ച സ്ത്രീകളെ രാജ്യത്തുനിന്നു രക്ഷപ്പെടാനും ഇയാൾ സഹായിച്ചിരുന്നതായി വിവരമുണ്ട്. ഇതിനായി ‘വീ ആർ സൗദി’ എന്ന പേരിൽ ഒരു വെബ്‌സൈറ്റും ആരംഭിച്ചിരുന്നു. ഭീകരവാദ കേസിലും പെൺകുട്ടികളെ യുറോപ്യൻ രാജ്യങ്ങളിലേക്കു കടത്തിയ കേസിലും സൗദിയിൽ പിടികിട്ടാപ്പുള്ളിയാണ് താലിബ്. എന്നാൽ, ഇയാളെ സൗദിക്ക് വിട്ടുനൽകാൻ ജർമനി തയാറായിട്ടില്ല.

ജർമനിയിലെ കുടിയേറ്റ വിരുദ്ധതയ്ക്കു പേരുകേട്ട എഎഫ്ഡി പാർട്ടിയുടെ ആശയപ്രചാരണത്തിലും സജീവമാണ്. ബ്രിട്ടനിലെ ഇസ്‌ലാം വിരുദ്ധ പ്രചാരകനും തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റുമായ ടോമി റോബിൻസന്റെ അനുയായിയാണ്. അടുത്തിടെ ഇലോൺ മസ്‌കിനെയും ഗൂഢാലോചനാ സിദ്ധാന്തങ്ങളുമായി കുപ്രസിദ്ധനായ അമേരിക്കൻ തീവ്ര വലതുപക്ഷ റേഡിയോ അവതാരകൻ അലെക്‌സ് ജോൺസ് എന്നിവരെയെല്ലാം പ്രകീർത്തിച്ച് ഇാൾ രംഗത്തെത്തിയിരുന്നു.

താലിബിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കടുത്ത ഇസ്‌ലാം വിമർശനങ്ങളും വിദ്വേഷ പ്രചാരണങ്ങളും കാണാം. ജർമൻ ഭരണകൂടം ഇസ്‌ലാം വിമർശകരെ വേട്ടയാടുകയാണെന്ന് ആരോപണമുയർത്തുകയും ചെയ്തിരുന്നു. ഇസ്‌ലാം ഉപേക്ഷിച്ച നിരവധി സൗദിക്കാർക്ക് ജർമനി അഭയം നിഷേധിച്ചെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇയാൾ ആരോപിച്ചത്. സൗദിയിലെ ശരീഅത്ത് കോടതിയുടെ വധശിക്ഷാ ഉത്തരവിൽനിന്നു രക്ഷതേടി എത്തുന്ന സൗദി പൗരന്മാർക്കു മുന്നിൽ രാജ്യം വാതിൽ കൊട്ടിയടക്കുമ്പോൾ, ഇസ്‌ലാമിസ്റ്റുകൾ ഉൾപ്പെടെയുള്ള സിറിയക്കാരെയാണു സ്വാഗതം ചെയ്യുന്നതെന്നും ഇയാൾ ആരോപിച്ചിരുന്നു.

ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിനു പിന്നിൽ താലിബ് മാത്രമാണുള്ളതെന്നാണ് ജർമൻ ഫെഡറൽ കൗൺസിൽ അംഗം റെയ്‌നർ ഹാസെലോഫ് പറഞ്ഞത്. ആക്രമണം നടത്താനായി ഇയാൾ ബിഎംഡബ്ല്യു കാർ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്നാണ് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചിട്ടുണ്ട്. ഇരകളുടെ കുടുംബങ്ങൾക്കും ജർമൻ ജനതയ്ക്കും ഐക്യദാർഢ്യം അറിയിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button