കേരളം

സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും മോദി മന്ത്രിസഭയിലേക്ക്

മോദി സര്‍ക്കാരില്‍ രണ്ടു മലയാളികള്‍

ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരില്‍ രണ്ട് മലയാളികള്‍ കേന്ദ്രമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാകും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനാണ് ജോര്‍ജ് കുര്യന്‍. അപ്രതീക്ഷിതമായിട്ടാണ് കോട്ടയം സ്വദേശിയായ ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്നത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായും യുവമോർച്ച ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. അൽഫോൺസ് കണ്ണന്താനത്തിനു ശേഷം നരേന്ദ്രമോദി സർക്കാരിൽ കേരളത്തിലെ ക്രൈസ്തവ വിഭാ​ഗത്തിൽ നിന്നും കേന്ദ്രമന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ നേതാവാണ് ജോർജ് കുര്യൻ. ക്രൈസ്തവ സമൂഹത്തെ കൂടുതൽ ബിജെപിയോട് അടുപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ജോർജ് കുര്യന്റെ സ്ഥാനലബ്ധി.

തിരുവനന്തപുരത്ത് തങ്ങിയ സുരേഷ് ഗോപിയെ നരേന്ദ്രമോദി നേരിട്ട് വിളിക്കുകയായിരുന്നു. ഉടന്‍ ഡല്‍ഹിയിലെത്താന്‍ മോദി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് സുരേഷ് ഗോപി ഭാര്യ രാധികയ്ക്കൊപ്പം തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. നേരിട്ട് വിമാനം ലഭിക്കാത്തതിനാല്‍ ബംഗളൂരുവിലെത്തി അവിടെ നിന്നും ചാര്‍ട്ടേഡ് വിമാനത്തിലാണ് ഡല്‍ഹിയിലെത്തുക.

കാബിനറ്റ് മന്ത്രി സ്ഥാനമോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ ആകും സുരേഷ് ഗോപിക്ക് ലഭിക്കുകയെന്നാണ് സൂചന. ജോര്‍ജ് കുര്യന് സഹമന്ത്രി സ്ഥാനവുമാകും ലഭിക്കുക. നിലവില്‍ പാര്‍ലമെന്റ് അംഗമല്ലാത്തതിനാല്‍ ജോര്‍ജ് കുര്യനെ വേറെ ഏതെങ്കിലും സംസ്ഥാനത്തു നിന്നും രാജ്യസഭയിലേക്ക് എത്തിക്കേണ്ടതുണ്ട്. കെ സി വേണുഗോപാല്‍ രാജിവെക്കുന്നതോടെ രാജസ്ഥാനില്‍ രാജ്യസഭാംഗത്വത്തില്‍ ഒഴിവു വരുന്നുണ്ട്.

പുതിയ സർക്കാരിലും ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, റെയില്‍വേ തുടങ്ങിയ വകുപ്പുകള്‍ ബിജെപി തന്നെ കൈകാര്യം ചെയ്യും. അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്‍, അശ്വിനി വൈഷ്ണവ്, ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, മുന്‍സുഖ് മാണ്ഡവ്യ, അര്‍ജുന്‍ രാംമേഘ് വാള്‍ തുടങ്ങിയവര്‍ മൂന്നാം മോദി മന്ത്രിസഭയിലും തുടരും. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരും കേന്ദ്രമന്ത്രിമാരാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button