ഗസ്സ വെടിനിർത്തൽ : നിർണായക ചർച്ചക്കായി ഉന്നതതല ഇസ്രായേൽ സംഘം ദോഹയിൽ
ദോഹ : ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ചക്കായി ഉന്നതതല ഇസ്രയേൽ സംഘം ദോഹയിലെത്തി. കരാർ യാഥാർഥ്യമാകാതെ മടങ്ങരുതെന്ന് സംഘത്തോട് ബന്ദികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20ന് മുമ്പ് വെടിനിർത്തൽ ഉറപ്പെന്ന് അമേരിക്ക അറിയിച്ചു. ഹമാസ് തിരിച്ചടിയിൽ 4 ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മൊസാദ് മേധാവി ഡേവിഡ് ബെർണിയയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഇസ്രായേൽ സംഘമാണ് ഗസ്സ വെടിനിർത്തൽ ചർച്ചക്കായി ഖത്തർ തലസ്ഥാനമായ ദോഹയിൽ എത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെ അധ്യക്ഷതയിൽ ഇന്നലെ പകൽ ചേർന്ന ഇസ്രായേൽ സുരക്ഷാ സമിതി യോഗമാണ് ദോഹയിലേക്ക് അന്തിമവട്ട ചർച്ചക്കായി സംഘത്തെ അയക്കാൻ തീരുമാനിച്ചത്. മൊസാദ് മേധാവിക്കു പുറമെ ഷിൻ ബെത് സാരഥി, ഇസ്രായേൽ പ്രധാനമന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേശകൻ, സൈനികപ്രതിനിധികൾ എന്നിവരും സംഘത്തിലുണ്ട്.
ഇന്ന് നടക്കുന്ന ചർച്ചയിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് ഇസ്രായേലും അമേരിക്കയും പ്രതികരിച്ചു. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ കഴിഞ്ഞ മെയ് മാസം മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ നിർദേശത്തിൻറെ ചട്ടക്കൂട് മുൻനിർത്തിയാണ് പുതിയ ചർച്ച. മൂന്ന് ഘട്ടങ്ങളിലായുള്ള ആറാഴ്ച നീണ്ടുനിൽക്കുന്ന വെടിനിർത്തൽ നിർദേശത്തിൽ ഊന്നിയുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഇസ്രായേലും അമേരിക്കയും പ്രതികരിച്ചു. ബന്ദി മോചന ചർച്ച വളരെ ഗൗരവത്തിലാണ് നടക്കുന്നതെന്നും വൈകാതെ കരാർ ഒപ്പിടാൻ സാധ്യതയുണ്ടെന്നും യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ തലവൻ വില്ല്യം ബേൺസ് പ്രതികരിച്ചു.
ട്രംപ് യു.എസ് പ്രസിഡൻറായി അധികാരമേൽക്കുന്ന ജനുവരി 20ന് മുമ്പ് കരാർ നടപ്പാകുമെന്നാണ് കരുതുന്നതെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പും വ്യക്തമാക്കി. അതേ സമയം വടക്കൻ ഗസ്സയിലെ ബെയ്ത് ഖാനൂനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 16 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് നടത്തിയ തിരിച്ചടിയിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ, ഗസ്സയിലെ മരണം ഔദ്യോഗിക കണക്കിനേക്കാൾ 41 ശതമാനം അധികമാണെന്ന് ലാൻസെറ്റ് മീഡിയ ജേണലിന്റെ പഠന റിപ്പോർട്ട് പുറത്ത്. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച ഒമ്പത് മാസത്തിനുള്ളിൽ നടന്ന മരണങ്ങൾ ഫലസ്തീൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളേക്കാൾ 41 ശതമാനം അധികമാണെന്നാണ് ലാൻസെറ്റ് പഠനം വ്യക്തമാക്കുന്നത്.