ഹിന്ദുക്കള്‍ നേരിടുന്ന വിവേചനം തടയണം, സ്‌കോട്ട്‌ലന്‍ഡ് പാര്‍ലമെന്റില്‍ പ്രമേയമായി ‘ഹിന്ദുഫോബിയ’

ലണ്ടന്‍ : ഹിന്ദുക്കള്‍ നേരിടുന്ന വിവേചനവും പാര്‍ശ്വവത്കരണവും തടണമെന്ന ആവശ്യവുമായി സ്‌കോട്ട്‌ലന്‍ഡ് പാര്‍ലമെന്റില്‍ പ്രമേയം. ഗാന്ധിയന്‍ പീസ് സൊസൈറ്റിയുടെ ചാരിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ എഡിന്‍ബറോ ഈസ്റ്റേണിനെ പ്രതിനിധീകരിക്കുന്ന ആല്‍ബ പാര്‍ട്ടി പ്രതിനിധി ആഷ് റീഗന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രത്യക ശ്രദ്ധ പതിയേണ്ട വിഷയം എന്ന് ചൂണ്ടിക്കാട്ടിയാണ് ഗാന്ധിയന്‍ സൊസൈറ്റി റിപ്പോര്‍ട്ടിലേക്ക് അംഗം പാര്‍ലമെന്റിന്റെ ശ്രദ്ധ ക്ഷണിച്ചത്.
സ്‌കോട്ട്‌ലന്‍ഡിലെ ഹിന്ദു സമൂഹം അംഗങ്ങള്‍ അനുഭവിക്കുന്ന മുന്‍വിധി, വിവേചനം, പാര്‍ശ്വവല്‍ക്കരണം എന്നിവ വര്‍ധിച്ചു. ഇതിനെതിരെ സ്‌കോട്ട്‌ലന്‍ഡിലെ സമൂഹങ്ങളിലുടനീളം അവബോധം വളര്‍ത്തണം. വിവിധ മതങ്ങള്‍ തമ്മില്‍ സാമൂഹിക ഐക്യം, പരസ്പര ബഹുമാനം എന്നിവ വളര്‍ത്തണം. ഇതിനായി പൊതു ഇടപെടല്‍ വേണമെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് പാര്‍ലമെന്റിന് മുന്നിലെത്തിയത്.
‘ഹിന്ദുഫോബിയ ഇന്‍ സ്‌കോട്ട്‌ലന്‍ഡ്’ എന്ന പേരിലാണ് ഗാന്ധിയന്‍ തത്വങ്ങളായ സമാധാനം, അഹിംസ, സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഗാന്ധിയന്‍ പീസ് സൊസൈറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ‘മതപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതാണ് നടപടി എന്നാണ് ഗാന്ധിയന്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടിനെ പാര്‍ലമെന്റില്‍ വിശേഷിപ്പിച്ചത്. നീതിയുക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് റിപ്പോര്‍ട്ട് സഹായകരമാണെന്നും സ്‌കോട്ട്‌ലന്‍ഡ് പാര്‍ലമെന്റ് വിശേഷിപ്പിച്ചു.