യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഫ്രാൻസിലെ നാസി ഭൂതകാല സംഘടന നാഷനൽ റാലി യൂറോപ്യൻ പാർലമെന്റിലെ കുടിയേറ്റ വിരുദ്ധ യൂറോപ്യൻ ദേശസ്നേഹികളുടെ സഖ്യത്തിലേക്ക്

യൂറോപ്യൻ പാർലമെന്റിൽ ഹംഗറി പ്രധാനമന്ത്രി വിക്തർ ഓർബന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സഖ്യത്തിൽ ഫ്രാൻസിലെ മരീൻ ലെ പെന്നിന്റെ നാഷനൽ റാലിയും അണിചേരുന്നു. ‘യൂറോപ്യൻ ദേശസ്നേഹികൾ’ എന്നർഥം വരുന്ന പേരുള്ള സഖ്യത്തിൽ ഇറ്റലിയിലെ ജോർജ മെലോനിയുടെ പാർട്ടിയുമുണ്ട്. 84 അംഗങ്ങളുമായി പാർലമെന്റിലെ മൂന്നാമത്തെ വലിയ സഖ്യമായി ഇതുമാറും. നിലവിലെ യൂറോപ്യൻ യൂണിയൻ നയങ്ങളെയാവും ഇവർ വെല്ലുവിളിക്കുക.

ഉയരുന്ന ജീവിതച്ചെലവ് മൂലം പൊറുതിമുട്ടിയ ജനങ്ങളെ ലക്ഷ്യമിട്ട് കുടിയേറ്റ വിരുദ്ധ സന്ദേശം ഉയർത്തുകയാണ് യൂറോപ്യൻ ദേശസ്‌നേഹികളുടെ തന്ത്രം . ഫ്രാൻസിൽ മാത്രമല്ല, ജർമനിയിലും ബ്രിട്ടനിലുമുണ്ട് ഈ അവസ്ഥ . തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസ്ഥിരത എന്നിവ പൊതുപ്രശ്നങ്ങളായി മാറുമ്പോൾ അതിന് ഉത്തരവാദികൾ കുടിയേറ്റക്കാരാണെന്ന ഒരു വിചാരം യുറോപ്പിൽ പൊതുബോധത്തിന്റെ ഭാഗമായിട്ടുണ്ട്. ഇതോടെ സങ്കുചിത ദേശീയതയുടെയും വംശീയതയുടെയും ചിഹ്നങ്ങൾക്കു വീണ്ടും ജനങ്ങൾക്കിടയിൽ സ്വാധീനം നേടാനായി എന്നത് ഗൗരവതരമായ ഒന്നാണ്.

നാസി ആശയങ്ങൾ പിന്തുടരുന്ന ഓൾട്ടനേറ്റീവ് ഫോർ ജർമനി എന്ന സംഘടന ജർമനിയിൽ പുതിയ രാഷ്ട്രീയ ശക്തിയായി വളർന്നിരിക്കുന്നു. രണ്ടാം ലോകയുദ്ധകാലത്തെ നാസി ഭരണ ഭൂതകാലമുള്ള സംഘടനയാണു മരീൻ ലെ പെന്നിന്റെ നാഷനൽ റാലിയും. ഇറ്റലിയിലെ ജോർജ മെലോനിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന ഭരണകക്ഷിക്കും ഫാഷിസ്റ്റ് ഭൂതകാലമാണ് ഉള്ളത്. ഇവരുടെയെല്ലാം പൊതുസവിശേഷത ശക്തമായ കുടിയേറ്റവിരുദ്ധതയാണ്. അഭയാർഥികളായി എത്തുന്നവരും വിദേശ തൊഴിലാളികളും തങ്ങളുടെ അവസരങ്ങളും രാജ്യ വിഭവങ്ങളും കവർന്നുകൊണ്ടുപോകുന്നുവെന്നാണ് യുറോപ്പിലെ തീവ്രവലതുപക്ഷം പ്രചരിപ്പിക്കുന്ന രാഷ്ട്രീയം.

ലോകമെങ്ങും കോളനികൾ സ്ഥാപിച്ച് ആ രാജ്യങ്ങളിലെ സമ്പത്ത് നൂറ്റാണ്ടുകളോളം വേരോടെ പിഴുതെടുത്ത യുറോപ്യൻ ശക്തികൾ ഇപ്പോൾ അഭയാർഥികൾ തങ്ങളെ കൊള്ളയടിക്കുന്നുവെന്നു നിലവിളിക്കുന്നതിൽ വൈരുദ്ധ്യങ്ങൾ ഉണ്ട്. ഫ്രാൻസിൽ നാഷനൽ റാലിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്ന്, ഫ്രഞ്ചുകാരല്ലാത്ത താമസക്കാർക്കു സർക്കാർ നൽകുന്ന സൗജന്യ ചികിത്സാ സഹായം എടുത്തു കളയുമെന്നതാണ്. 5 വർഷം തുടർച്ചയായി ഫ്രാൻസിൽ താമസിച്ചിട്ടുണ്ടെങ്കിൽ മറ്റു രേഖകളിലൊന്നുമില്ലാത്ത ആൾക്കും ഫ്രാൻസിൽ സൗജന്യ ചികിത്സ ലഭിക്കും. ഈ ആനുകൂല്യം എടുത്തു കളയുന്നതിനൊപ്പം ഫ്രാൻസിൽ ജനിക്കുന്ന ആർക്കും ലഭിക്കുന്ന സ്വഭാവിക പൗരത്വം ഫ്രഞ്ചുകാർക്കു മാത്രമായി പരിമിതിപ്പെടുത്തുമെന്നതാണു രണ്ടാമത്തെ വാഗ്ദാനം. ഈ രണ്ടു വാഗ്ദാനങ്ങളും വലിയൊരു വിഭാഗം ഇടത്തരക്കാരെ ആകർഷിച്ചെന്നതിന്റെ തെളിവാണ് അവരുടെ വോട്ട് വിഹിതം ഉയർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button