യൂറോപ്യൻ യൂണിയൻ വാർത്തകൾ

കൊളോണിയൽ ഭൂതകാലം ആവർത്തിക്കാൻ ഒരുങ്ങി ഫ്രാൻസ്; കൊടുംകുറ്റവാളികൾക്കായി ആമസോണിൽ പുതിയ ജയിൽ വരുന്നു

പാരിസ് : രാജ്യത്തിന് പുറത്ത് കുറ്റവാളികള്‍ക്കായി ജയില്‍ നിര്‍മിക്കാന്‍ ഫ്രാന്‍സിന്റെ പദ്ധതി. ഫ്രാന്‍സിന്റെ ഓവര്‍സീസ് ടെറിട്ടറിയായ തെക്കെ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലാണ് അതിസുരക്ഷാ ജയില്‍ നിര്‍മിക്കാന്‍ പോകുന്നത്. ലഹരിമരുന്ന് കടത്തുകാര്‍, ഇസ്ലാമിക ഭീകരവാദികള്‍ തുടങ്ങിയവരെയാണ് ഇവിടെ പാര്‍പ്പിക്കുക. ജയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിന്റെ ജസ്റ്റിസ് വകുപ്പ് മന്ത്രി ജെഹാള്‍ഡ് ദമാന ഫ്രഞ്ച് ഗയാന സന്ദര്‍ശിക്കുകയും ചെയ്തു.

സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുള്ള ജയിലായിരിക്കുമിതെന്നാണ് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 40 കോടി യൂറോ ( ഏകദേശം 3845 കോടി രൂപ) മുടക്കിയാണ് ഫ്രഞ്ച് ഗയാനയില്‍ അതിസുരക്ഷാ ജയില്‍ സ്ഥാപിക്കുക. 2028 ഓടെ ജയില്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ആമസോണ്‍ വനത്തിനുള്ളിലെ സാന്‍ലൊറോണ്‍ ദു മറോനി എന്ന സ്ഥലത്താണ് ജയില്‍ നിര്‍മിക്കുക. ഫ്രാന്‍സിലെ ജയിലിനുള്ളില്‍ ഉദ്യോഗസ്ഥരെ കുറ്റവാളികള്‍ ആക്രമിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് കൊടുംകുറ്റവാളികളെ രാജ്യത്തിനു പുറത്ത് മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

പുതിയ ജയിലില്‍ 500 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളാണ് ആദ്യം ഒരുക്കുന്നത്. കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ച് പ്രത്യേകമായി തരംതിരിച്ചാകും കുറ്റവാളികളെ പാര്‍പ്പിക്കുക. ഫ്രാന്‍സിലെ ജയിലിലുള്ള ലഹരി മാഫിയ സംഘങ്ങള്‍ ജയിലിന് പുറത്തുള്ള സംഘാംഗങ്ങളുമായി ആശയവിനിമയം നടത്താറുണ്ട്. ജയിലിനുള്ളിലിരുന്ന് പുറത്തെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നവരുമുണ്ട്. ഇതുള്‍പ്പെടെ പ്രതിരോധിക്കാനാണ് പുതിയ ജയില്‍. ഔദ്യോഗികമായി ഫ്രാന്‍സിന്റെ ഭാഗമാണെങ്കിലും യൂറോപ്പിന് പുറത്തുള്ള ഫ്രഞ്ച് ഗയാനയിലേക്ക് കുറ്റവാളികളെ മാറ്റിയാല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്രാന്‍സില്‍ നിന്നുള്ള കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള പ്രദേശമായി ഫ്രഞ്ച് അധിനിവേശ കാലത്ത് രൂപംകൊണ്ടതാണ് ഫ്രഞ്ച് ഗയാന. 1852 നും 1954 നും ഇടയില്‍ ഫ്രാന്‍സിന്റെ പ്രധാന ഭൂഭാഗത്തുനിന്ന് 70,000 കുറ്റവാളികളെ ഇവിടേക്ക് അയച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം ആളുകളും അതിജീവിക്കാനാകാതെ മരണമടഞ്ഞു. ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ പുതിയ ജയില്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button