യൂറോപ്യൻ യൂണിയൻ വാർത്തകൾ

ലണ്ടൻ ടവറിൽ പ്രദർശനത്തിനു വച്ച കിരീടത്തിലേക്ക് ആഹാരസാധനം വലിച്ചെറിഞ്ഞ് പ്രതിഷേധം; നാലുപേർ അറസ്റ്റിൽ

ലണ്ടൻ : ലണ്ടൻ ടവറിൽ പ്രദർശനത്തിനു വച്ച ബ്രിട്ടൻ്റെ അമൂല്യമായ കിരീടത്തിലേക്ക് ആഹാരസാധനങ്ങൾ വലിച്ചെറിഞ്ഞ നാലംഗ സംഘം അറസ്റ്റിൽ. ‘ടേക്ക് ബാക്ക് പവർ’ എന്ന പേരിൽ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത സിവിൽ റെസിസ്റ്റൻസ് ഗ്രൂപ്പാണ് കിരീടം സൂക്ഷിച്ച ചില്ലുകൂട്ടിലേക്ക് കസ്റ്റാർഡും ആപ്പിളും വലിച്ചെറിഞ്ഞത്. അന്വേഷണം തുടരുന്നതിനാൽ ലോകപ്രശസ്ത ടവറിലെ ജൂവൽ ഹൗസ് അടച്ചിട്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ചാൾസ് മൂന്നാമൻ രാജാവ് 2023-ൽ തന്റെ വാഴിക്കൽ ചടങ്ങിൻ്റെ അവസാനത്തിലും ഔപചാരിക ചടങ്ങുകളിലും ധരിച്ചിരുന്ന കിരീടം ചില്ലിനുള്ളിൽ സുരക്ഷിതമാക്കിയായിരുന്നു പ്രദർശനം. രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങിൽ ഉപയോഗിക്കുന്ന ബ്രിട്ടൻ്റെ ഏറ്റവും വിലയേറിയ നിധിയാണ് ഈ കരീടം. 23,000-ലധികം രത്നക്കല്ലുകൾ ഉൾകൊള്ളുന്ന കിരീടം ഗണിക്കാനാവാത്ത സാംസ്കാരികവും ചരിത്രപരവും പ്രതീകാത്മകവുമായ മൂല്യമായാണ് കണക്കാക്കുന്നത്. ജോർജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായി 1937 ലാണ് ഈ കിരീടം നിർമിച്ചത്.

അധികം പ്രശസ്തമല്ലാത്ത, സ്വയം പ്രഖ്യാപിത സിവിൽ റെസിസ്റ്റൻസ് ഗ്രൂപ്പാണ് ഇതിന് പിന്നിൽ. ‘ടേക്ക് ബാക്ക് പവർ’ എന്ന് പ്രിന്റ് ചെയ്ത ടീഷർട് ധരിച്ചാണ് പ്രതികൾ സംഭവസ്ഥലത്തെത്തിയത്. കിരീടത്തിലേക്ക് കസ്റ്റാർഡും ആപ്പിളും വലിച്ചെറിയുന്ന ദൃശ്യം അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ‘ജനാധിപത്യം തകർന്നു’ എന്ന് അലറുന്ന ഒരു യുവതിയെയും ‘ബ്രിട്ടൻ തകർന്നു’ എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ട് ആഹാരസാധനം വലിച്ചെറിയുന്ന യുവാവിനെയും വിഡിയോയിൽ കാണാം. ‘ഞങ്ങൾ വന്നിരിക്കുന്നത് രാജ്യത്തിൻ്റെ വിലമതിക്കാനാവാത്ത രത്നങ്ങളിലേക്കാണെന്നും അധികാരം തിരിച്ചുപിടിക്കാനാണെന്നും’ മൂന്നാമതൊരാൾ ആക്രോശിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. സമീപത്തുള്ള മറ്റൊരാളാണ് ദൃശ്യങ്ങൾ പകർത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button