സർക്കാർ ഫണ്ട് ദുരുപയോഗം; ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റില്‍

കൊളംബോ : സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത സംഭവത്തില്‍ ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റില്‍.പ്രസിഡന്‍റായിരിക്കെ 2023 സെപ്റ്റംബറിൽ ഭാര്യയായ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിലേക്ക് പോകാൻ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചെന്നാണ് കേസ്.
അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ആസ്ഥാനത്ത് വെച്ചാണ് 76 കാരനായ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
2022 ജൂലൈ മുതൽ 2024 സെപ്റ്റംബർ വരെ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്നു റനിൽ വിക്രമസിംഗെ. ആറ് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസില്‍ നിന്ന് മടങ്ങിയ വിക്രമസിംഗെ ഭാര്യയുടെ സ്വകാര്യ ചടങ്ങിനായി പൊതുപണം ഉപയോഗിച്ച് ലണ്ടന്‍ സന്ദര്‍ശനം നടത്തിയെന്നാണ് കേസ്. 2023-ൽ ഹവാനയിൽ G77 ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു വിക്രമസിംഗെ ലണ്ടനിൽ തങ്ങിയത്. വോൾവർഹാംപ്ടൺ സർവകലാശാലയിലെ നടന്ന ചടങ്ങിൽ അദ്ദേഹവും ഭാര്യയും പങ്കെടുക്കുകയും ചെയ്തു.
നേരത്തെ ഗോതബയ രാജപക്‌സെയ്ക്ക് പകരം പ്രസിഡന്റായി അധികാരമേറ്റ വിക്രമസിംഗെ, 2022 ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്കയെ കരകയറ്റിയതില്‍ പ്രധാന പങ്കുവഹിച്ചയാളാണ്.സെപ്റ്റംബറിൽ നടന്ന വീണ്ടും തെരഞ്ഞെടുപ്പിൽ വിക്രമസിംഗെ പരാജയപ്പെടുകയായിരുന്നു. ആറ് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.