ഝാര്‍ഖണ്ഡിലും ‘ഓപ്പറേഷന്‍ ലോട്ടസ്’, ആറ് എംഎല്‍എമാരുമായി ചംപയ് സോറന്‍ ഡല്‍ഹിയിലേക്ക്
റാഞ്ചി: ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, ഭരണപക്ഷമായ ജെഎംഎമ്മിന് തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചംപയ് സോറന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ആറ് എംഎല്‍എമാരുമായി അദ്ദേഹം ഡല്‍ഹിയിലേക്ക് വിമാനം കയറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ ഹോട്ടലില്‍ കഴിഞ്ഞ അദ്ദേഹം അവിടെ വച്ച് മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും അഭ്യൂഹങ്ങളുണ്ട്. കൊല്‍ക്കത്തയില്‍ വച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.ആറ് എംഎല്‍എമാരുടെ പിന്തുണ ചംപയ് സോറന് ഉണ്ടെന്നാണ് സൂചന. ബിജെപിയുടെ മുതിര്‍ന്ന നേതാവും കൃഷി മന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനുമായി ചംപയ് നിരന്തരം ബന്ധപ്പെട്ടിരുന്നതും അദ്ദേഹത്തിന്റെ ബിജെപി പ്രവേശത്തിന്റെ ഭാഗമാണെന്നും വിലയിരുത്തലുകള്‍ ഉണ്ട്.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറന്‍ അറസ്റ്റിലായതിന് പിന്നാലെ ചംപയ് സോറനാണ് മുഖ്യമന്ത്രിയായത്. കേസില്‍ അഞ്ച് മാസത്തിന് ശേഷം ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ചംപയ് സോറനെ മാറ്റിയത് അതൃപ്തിക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇന്നലെ ചംപയ് സോറന്‍ തള്ളിയിരുന്നു.