യൂറോപ്യൻ യൂണിയൻ വാർത്തകൾ

മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ട്; മുൻ ഫ്രഞ്ച് പ്രസിഡന്റ് സർക്കോസി ജയിലിൽ

പാരിസ് : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ പണം ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സർക്കോസിക്ക് അഞ്ചു വർഷത്തെ തടവ് ശിക്ഷ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, നാസി സഹകാരിയായ നേതാവ് ഫിലിപ്പ് പെറ്റൈൻ 1945ൽ രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായതിനുശേഷം ഒരു ഫ്രഞ്ച് മുൻ നേതാവിനെയും ജയിലിലടച്ചിട്ടില്ല.

2007 മുതൽ 2012 വരെ പ്രസിഡന്റായിരുന്ന സർക്കോസി തന്റെ ജയിൽ ശിക്ഷക്കെതിരെ അപ്പീൽ നൽകിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ലാ സാന്റെ ജയിലിലെ ഏകാന്ത തടവിനുള്ള ചെറിയ സെല്ലിലാണ് അദ്ദേഹത്തെ അടച്ചതെന്നാണ് റിപ്പോർട്ട്.

പാരീസിലെ തന്റെ വില്ലയിൽ നിന്ന് ഭാര്യ കാർല ബ്രൂണി സർക്കോസിയുടെ കൈപിടിച്ച് പുറത്തുപോകുമ്പോൾ അവിടെ കൂടിയ 100ലേറെ അനുയായികൾ ‘നിക്കോളാസ്’ എന്നാർത്തു വിളിച്ചു. സീൻ നദിയുടെ തെക്കു ഭാഗത്തുള്ള 19-ാം നൂറ്റാണ്ടിൽ പണിത കുപ്രസിദ്ധമായ ജയിലിന്റെ പ്രവേശന കവാടത്തിലൂടെ 70 കാരനായ നിക്കോളസ് സർക്കോസിയെ നടത്തിക്കൊണ്ടുപോയി. കർശനമായ സുരക്ഷയുടെ ഭാഗമായി ഡസൻ കണക്കിന് പോലീസ് ഉദ്യോഗസ്ഥർ തെരുവുകൾ വളഞ്ഞിരുന്നു.

ഏറെ വിവാദമായ ലിബിയൻ പണമിടപാടിൽ തന്റെ നിരപരാധിത്വം സർക്കോസി ആവർത്തിച്ചു. ജയിലിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് അദ്ദേഹം ‘എക്‌സി’ൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ‘എനിക്ക് സംശയമില്ല. സത്യം വിജയിക്കും. പക്ഷേ വില ക്രൂരമായിരിക്കും’ എന്നായിരുന്നു അത്.

2007ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലിബിയയുടെ അന്തരിച്ച മുന്‍നേതാവ് മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്നും ധനസഹായം തേടിയെന്നായിരുന്നു സര്‍ക്കോസിക്ക് എതിരെ ചുമത്തപ്പെട്ടിരുന്ന കുറ്റം. ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കോസി വിജയിക്കുകയും ചെയ്തിരുന്നു.

കേസില്‍ കഴിഞ്ഞമാസമാണ് സര്‍ക്കോസി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തുടര്‍ന്ന് 70കാരനായ സര്‍ക്കോസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു. പൊതുക്രമത്തിന്റെ തകര്‍ച്ചയാണ് ഈ കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button