അന്തർദേശീയം

നെതന്യാഹു ഞങ്ങളുടെ രാഷ്ട്രത്തിലും രാഷ്ട്രീയത്തിലും ഇടപെടേണ്ട : മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

കാൻബറ : പലസ്തീനെ രാജ്യമായി ഓസ്‌ട്രേലിയ അംഗീകരിച്ചതിനെ ബോണ്ടി ബീച്ച് കൂട്ടക്കൊലയുമായി ബന്ധപ്പെടുത്തുന്നത് ന്യായമല്ലെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരണവുമായി രംഗത്ത് വന്നത്. നെതന്യാഹു തങ്ങളുടെ രാഷ്ട്രത്തില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കണമെന്നും ഓസ്‌ട്രേലിയ ബഹുസാംസ്‌കാരിക സമൂഹമാണെന്നും വിദേശ സംഘര്‍ഷങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന് നെതന്യാഹു കത്തയച്ചിരുന്നു. നേതാക്കള്‍ നിശബ്ദരായിരിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പടരുന്ന അര്‍ബുദമാണ് ജൂത വിരുദ്ധതയെന്നും നെതന്യാഹു വിമര്‍ശിച്ചു.

ഗാസയിലെ യുദ്ധത്തെച്ചൊല്ലി അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുന്നതിനിടയില്‍, ഓഗസ്റ്റില്‍ പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചഅല്‍ബനീസിന്റെ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ മാല്‍ക്കം ടേണ്‍ബുള്‍ പിന്തുണച്ചു. മധ്യപൂര്‍വ്വദേശത്തോ ലോകത്തിലെ മറ്റേതെങ്കിലും ഭാഗത്തോ ഉള്ള യുദ്ധങ്ങള്‍ ഇവിടെ നടക്കില്ലെന്ന് ഉറപ്പാക്കണം. നെതന്യാഹു ചെയ്തതുപോലെ അവയെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് സഹായകരമല്ല. അങ്ങനെ ചെയ്താല്‍ തങ്ങള്‍ എന്തുനേടാന്‍ ആഗ്രഹിക്കുന്നുവോ അതിന്റെ നേര്‍വിപരീതമാണ് സംഭവിക്കുകയെന്നും മാല്‍ക്കം ടേണ്‍ബുള്‍ കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 14-ന് ഓസ്ട്രേലിയയില്‍ ഹനുക്ക ആഘോഷങ്ങള്‍ക്കിടെയാണ് തീവ്രവാദ ആക്രമണം നടന്നത്. ജൂതര്‍ക്ക് ഏറെ പ്രത്യേകതയുള്ള ആഘോഷമാണ് ഹനുക്ക. ഉത്സവവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ ബീച്ചില്‍ ഒത്തുകൂടിയിരുന്നു. ഈ സമയം വാഹനത്തിലെത്തിയ തോക്കുധാരികളായ അക്രമികള്‍ ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു അക്രമി അടക്കം 16 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 40-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതില്‍ പലരുടെയു നില ഗുരുതരമാണെന്നാണ് വിവരം.

നവേദ് അക്രം (24), പിതാവ് സാജിദ് അക്രം (50) എന്നിവരായിരുന്നു അക്രമികള്‍. സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണ്. 27 വര്‍ഷം മുമ്പാണ് സാജിദ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതെന്നും ഹൈദരാബാദിലെ കുടുംബവുമായി ഇയാള്‍ക്ക് പരിമിതമായ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും തെലങ്കാന പോലീസ് വ്യക്തമാക്കിയിരുന്നു. പിതാവിന്റെ മരണത്തില്‍ പോലും അയാള്‍ നാട്ടിലെത്തിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അക്രമികള്‍ എത്തിയ വാഹനത്തില്‍നിന്ന് ഐഎസ്ഐഎസിന്റെ കൊടി ലഭിച്ചതായി ഓസ്ട്രേലിയന്‍ പോലീസ് വെളിപ്പെടുത്തിയിരുന്നു.

സംഭവദിവസം നവേദും സാജിദും ഷോട്ട്ഗണ്ണുകളും ബോള്‍ട്ട്-ആക്ഷന്‍ റൈഫിളുമായാണ് ബോണ്ടി ബീച്ചില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. ആക്രമണം ഏകദേശം 10 മിനിറ്റ് നീണ്ടുനിന്നു. നൂറുകണക്കിന് ആളുകള്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. 10-നും 87-നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. സാജിദ് അക്രം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നവേദ് അക്രം ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. അയാളെ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ സംഭവത്തിന് പിറകില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന അറിയാന്‍ സാധിക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button