കിണറ്റില്‍ മുങ്ങിത്താഴ്ന്ന് മാന്‍കുഞ്ഞ്; സിപിആറും കൃത്രിമ ശ്വാസവും നല്കി ജീവന് രക്ഷിച്ച് വനംവകുപ്പ്

തൃശ്ശൂര്‍ : കിണറ്റില്‍ വീണ മാന്‍കുട്ടിക്ക് രക്ഷകരായി വനംവകുപ്പ്. പട്ടിക്കാട് ചെന്നായ്പാറയില്‍ ആന്റണിയുടെ വീട്ടുകിണറ്റില്‍ വീണ മാന്‍കുട്ടിക്കാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കരുതലില്‍ ജീവന് തിരിച്ചുകിട്ടിയത്. വെള്ളം നിറഞ്ഞ കിണറില്‍ നീന്തി അവശനായ മാന്‍ കുഞ്ഞിനെ മരണത്തിലേക്ക് ആഴ്ന്നുപോകും മുന്‍പ് രക്ഷപ്പെടുത്തി സിപിആര്‍ ഉള്‍പ്പെടെ നല്കി ഉദ്യോഗസ്ഥര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മാന്‍ കുട്ടി കിണറ്റില്‍ വീണത്. വീട്ടുപറമ്പിലെ കിണറിന് അടുത്ത് അമ്മമാനിനെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ട് ആന്റണിയുടെ ഭാര്യ മകനെയുംകൂട്ടി ഫോട്ടോയെടുക്കാന്‍ ചെന്നപ്പോഴായിരുന്നു കിറണില്‍ മുങ്ങിത്താഴുന്ന മാന്‍കുഞ്ഞിനെ കണ്ടത്. ഉടൻ വനംവകുപ്പ് മാന്ദാമംഗലം റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുയും ചെയ്തു.
വനംവകുപ്പ് സംഘത്തിന് ഒപ്പം സംഭവസ്ഥലത്ത് എത്തിയ വന്യജീവിസംരക്ഷകനായ ലിജോ കാച്ചേരിയാണ് മാന്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്. റോപ്പ് ക്ലാമ്പിങ് ഉപയോഗിച്ച് കിണറില്‍ തൂങ്ങിയിറങ്ങിയ ലിജോ നീന്തി അവശനായ മാന്‍കുഞ്ഞിനെ കൈകളിലാക്കുകയായിരുന്നു. കിണറില്‍ വച്ച് തന്നെ സിപിആര്‍ ഉള്‍പ്പെടെ നല്‍കിയാണ് ഉദ്യോഗസ്ഥര്‍ മാന്‍കുട്ടിയുടെ ജീവന് നിലനിര്‍ത്തിയത്. വായ്കൊണ്ട് കൃത്രിമ ശ്വാസം നല്‍കിയും നെഞ്ചിന്റെ ഭാഗത്ത് അമര്‍ത്തിയുമായിരുന്നു പ്രാഥമിക ശുശ്രൂഷ. പൂര്‍ണ ആരോഗ്യം തിരിച്ചെടുത്ത മാന്‍കുഞ്ഞിനെ തൊട്ടടുത്ത കാട്ടിലുണ്ടായിരുന്ന അമ്മ മാനിന്റെ അടുത്ത് എത്തിക്കുകയും ചെയ്തു. പിഎഫ്ഒ അനില്‍കുമാര്‍, പ്രവീണ്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.