ചിറങ്ങരയില്‍ നായക്കുട്ടിയെ പിടിച്ചുകൊണ്ടു പോയത് പുലി തന്നെ; സ്ഥിരീകരിച്ച് വനം വകുപ്പ്

തൃശൂർ : ചിറങ്ങരയിൽ വീട്ടുമുറ്റത്തു ചങ്ങലയിൽ പൂട്ടിയിട്ടിരുന്ന വളർത്തു നായയെ പിടിച്ചു കൊണ്ടുപോയതു പുലി തന്നെയെന്ന് വനം വകുപ്പ്. പരിശോധനയിൽ പുലിയുടെതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കാൽപാടുകളുടെ ചിത്രങ്ങൾ ശേഖരിച്ച് ശസ്ത്രക്രിയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പരിശോധനയ്ക്ക് ശേഷം മാത്രമേ ഏതു തരം പുലിയാണെന്ന് തിരിച്ചറിയാൻ സാധിക്കൂ. ലക്ഷണം കൃത്യമായി ബോധ്യപ്പെട്ടാൽ മേഖലയിൽ പുലിയെ പിടികൂടാനുള്ള പ്രത്യേക അനുമതിയോടെ കൂട് സ്ഥാപിക്കും. വരും ദിവസങ്ങളിൽ മേഖലയിൽ പരിശോധന തുടരുമെന്ന് വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മി അറിയിച്ചു.
ചിറങ്ങര റെയിൽവേ ഗെറ്റിന് സമീപം പൊങ്ങം ഭാഗത്തേക്ക് പോകുന്ന റോഡിൽ പണ്ടാരിക്കൽ ധനേഷിന്റെ വീടിന്റെ അടുക്കള ഭാഗത്ത് പൂട്ടിയിട്ട നായക്കുട്ടിയെയാണ് വെള്ളിയാഴ്ച രാത്രയോടെ പുലി കൊണ്ടു പോയത്. നായയുടെ കരച്ചിൽ കേട്ട് എത്തി വീട്ടുകാർ നിരീക്ഷണ കാമറ പരിശോധിച്ചതോടെയാണ് നായയെ പുലി കൊണ്ടു പോയ ദൃശ്യം വ്യക്തമായത്. ചിറങ്ങരയിൽ പുലിയെ കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്.
ഇതിനിടെ കോനൂർ ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. വനമേഖലയിൽ നിന്ന് 17 കിലോമീറ്റർ ദൂരമുള്ള ചിറങ്ങരയിൽ പുലി എങ്ങനെ എത്തിയെന്നാണ് ആശങ്ക. കാടുകയറി കിടക്കുന്ന പ്രദേശങ്ങൾ ഓട്ടേറെയുള്ളതിനാൽ പുലി പതുങ്ങിയിരിക്കാൻ സാധ്യതയുള്ളയും ഭീതി വർധിപ്പിക്കുന്നു.