കുമളിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും; വീടുകളിലും കടകളിലും വെള്ളം കയറി

അടിമാലി : കുമളിയില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കനത്ത നാശം. കുമളി ടൗണിലും സമീപപ്രദേശങ്ങളിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ഒന്നാം മൈല്‍ ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.
ഒന്നാം മൈല്‍, വലിയകണ്ടം, മഹിമ റോഡ് തുടങ്ങി സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒട്ടകത്തലമേല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നുള്ള മലവെള്ളപ്പാച്ചിലാണ് വലിയ തോതില്‍ വെള്ളക്കെട്ടിന് കാരണമായത്. കുമളി ടൗണിലും വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
കുമളി ചെളിമടയ്ക്ക് സമീപം കെ കെ റോഡില്‍ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുമളി പത്തുമുറി റൂട്ടില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കുമളി പ്രദേശത്തെ തോടുകളും നീര്‍ച്ചാലുകളുമെല്ലാം നിറഞ്ഞു കഴിഞ്ഞൊഴുകുകയാണ്.