മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ; സമഗ്ര പരിശോധനയ്ക്ക് അഞ്ചംഗ സമിതിയെ നിയോഗിച്ചു

കോട്ടയം : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്രപരിശോധനയ്ക്കായി കേന്ദ്ര ജലക്കമ്മീഷന്‍ പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്. സമിതി രൂപീകരിച്ച് ഉത്തരവിറക്കിയ ശേഷം കേന്ദ്രം ഇക്കാര്യം കേരളത്തെയും തമിഴ്‌നാടിനെയും രേഖാമൂലം അറിയിച്ചു.
സമിതിയുടെ സമഗ്ര പരിശോധന ഉടന്‍ തുടങ്ങും. പരിശോധന പൂര്‍ത്തിയാക്കി നാല് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മുന്‍ ചീഫ് എന്‍ജിനിയറും കേന്ദ്ര ജലക്കമ്മിഷന്‍ അംഗവുമായ ടി.കെ. ശിവരാജനാണ് സമിതിയിലെ കേരളപ്രതിനിധി. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ മുന്‍ എംഡി ബല്‍റാജ് ജോഷിയും സമിതിയിലുണ്ട്.
സമിതിയുടെ റിപ്പോര്‍ട്ട് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിക്കും കേന്ദ്ര, കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ക്കും കൈമാറും.
2011-നുശേഷം മേല്‍നോട്ടസമിതിയുടെ കാഴ്ചാപരിശോധനയേ മുല്ലപ്പെരിയാറില്‍ നടന്നിട്ടുള്ളൂ. ഇതിനിടെ മുല്ലപ്പെരിയാര്‍പോലുള്ള പ്രധാന അണക്കെട്ടുകള്‍ പത്തുകൊല്ലത്തിലൊരിക്കല്‍ പരിശോധിക്കണമെന്നാണ് കേന്ദ്ര ജലക്കമ്മിഷന്‍ നിര്‍ദേശം. ഈയാവശ്യമുന്നയിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.



