കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറി; അഞ്ച് പേർ മരിച്ചു
ബംഗളൂരു : കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കർണാടകയിലെ വിജയപുര താലിക്കോട്ടയിൽ ബിലെഭാവി ക്രോസ് റോഡിൽ ആണ് അപകടമുണ്ടായത്.
വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേരും കാറിന്‍റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടു പേര്‍ സ്ത്രീകളാണ്. ശാന്തവ ശങ്കർ പാട്ടീൽ (45), ശശികല ജൈനപുര (50), നിങ്കപ്പ പാട്ടീൽ (55), ഭീമഷി സങ്കാനല (65), ദിലീപ് പാട്ടീൽ (45) എന്നിവരാണ് മരിച്ചത്.
കരിമ്പ് ചതയ്ക്കുന്ന യന്ത്രമടങ്ങിയ വലിയ വാഹനം വഴിയരികിൽ നിര്‍ത്തിയിരുന്നു. ഈ വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കരിമ്പ് ചതയ്ക്കുന്ന യന്ത്രമടങ്ങിയ വലിയ വാഹനത്തിന്റെ ഡ്രൈവർ സംഭവം നടന്നയുടൻ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.