ഗസ്സയിൽ ഹമാസ് ആക്രമണം; അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരിക്ക്

ഗസ്സസിറ്റി : വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. 14 സൈനികർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരു സൈനികനെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തിൽ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടം.ഒരു കവചിത വാഹനത്തിന് പുറമെ രക്ഷാ ദൗത്യവുമായെത്തിയ സൈനിക വാഹനങ്ങൾക്ക് നേരെയും ഹമാസ് ആക്രമണം നടന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
വടക്കൻ ഗസ്സയിലെ ബൈത്ത് ഹാനൂനില്‍ തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് ബോംബ് സ്ഫോടനമുണ്ടായതെന്ന് സൈന്യം അറിയിച്ചു. ജറുസലേം സ്വദേശികളായ സ്റ്റാഫ് സാർജന്റ് മെയർ ഷിമോൺ അമർ (20),സർജന്റ് മോഷെ നിസ്സിം ഫ്രെച്ച് (20), എന്നിവരാണ് മരിച്ച രണ്ടു സൈനികര്‍.കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുകൾ പിന്നീട് പുറത്തുവിടുമെന്നും സൈന്യം അറിയിച്ചു. സൈനികര്‍ കാല്‍നടയായി സഞ്ചരിക്കുന്ന സമയത്താണ് സ്ഫോടനമുണ്ടായതെന്നാണ് ഐഡിഎഫ് വിശദീകരണം. വ്യോമാക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലത്തായിരുന്നു സ്ഫോടനം നടന്നതെന്നും സൈന്യം വ്യക്തമാക്കി.
അതിനിടെ, യമനിലെ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് ഹൂതികൾ തിരിച്ചടിച്ചു . ഇസ്രായേലിനു നേരെ മിസൈൽ വർഷിച്ചതിനു പുറമെ ചെങ്കടലിൽ ഒരു കപ്പലിനു നേരെയും ഹൂതികൾ ആക്രമണം നടത്തി. രണ്ട് കപ്പൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തങ്ങൾ ആക്രമിച്ച ‘മാജിക് സീസ്’ എന്ന ചരക്കുകപ്പൽ കടലിൽ മുങ്ങിയതായും ഹൂതികൾ അറിയിച്ചു.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 61 പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിന് കാത്തുനിന്നവർക്കു നേരെ നടന്ന വെടിവെപ്പിൽ ഇന്നലെയും അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.