അന്തർദേശീയം

ഹാങ്‌ഷൗ -സിയോൾ എയർ ചൈന വിമാനത്തിലെ ലഗേജ് കംപാർട്മെന്റിൽ യാത്രക്കാരെ ഭയചകിതരാക്കി തീ

ഷാങ്ഹായ് : യാത്രക്കാരെ ഭയചകിതരാക്കി വിമാനത്തിനുള്ളിൽ തീ. എയർ ചൈന വിമാനം CA139ലാണ് ആകാശത്ത് വച്ച് യാത്രക്കിടെ തീപിടിച്ചത്. ഹാങ്‌ഷൗവിൽ നിന്ന് സിയോളിലേക്ക് പോയ വിമാനത്തിൽ യാത്രക്കാരുടെ ഇരിപ്പിടത്തിന് മുകളിലുള്ള ലഗേജ് കംപാർട്മെൻ്റിന് അകത്ത് സൂക്ഷിച്ച ലിഥിയം ബാറ്ററിക്കാണ് തീപിടിച്ചത്. തലയ്ക്ക് മുകളിൽ തീ പടർന്നത് കണ്ട് മരണഭയത്തോടെ യാത്രക്കാർ നിലവിളിച്ചു. ഈ അപകടത്തെ തുടർന്ന് വിമാനം ഷാങ്ഹായ് വിമാനത്താവളത്തിൽ അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആകാശത്ത് വച്ച് തന്നെ തീയണച്ചെന്ന് പിന്നീട് എയർ ചൈന പ്രതികരിച്ചു. വിമാന ജീവനക്കാരിൽ ഒരാളാണ് തീയണച്ചത്. യാത്രക്കാർക്ക് പരിക്കേറ്റില്ലെന്നും സാധനങ്ങൾക്കൊന്നും തകരാർ സംഭവിച്ചില്ലെന്നുമാണ് വിവരം. വിമാനങ്ങളിലെ ചില പോർട്ടബിൾ ബാറ്ററികൾക്ക് ചൈന നിരോധനം ഏർപ്പെടുത്തി മാസങ്ങൾക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. ഈ ബാറ്ററികൾ വിമാനങ്ങളിൽ അപകടഭീതി ഉയർത്തുന്നുവെന്ന് ചൈനീസ് സർക്കാരിന് സർക്കാർ ഏജൻസിയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

നിരവധി മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ചാർജറുകൾ, ഇ-സിഗരറ്റുകൾ എന്നിവയിൽ കാണപ്പെടുന്ന ലിഥിയം ബാറ്ററികൾ, തീപിടുത്ത സാധ്യത കൂടുതലായതിനാൽ തിരിച്ചുവിളിച്ചിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ചാലോ ഷോർട്ട് സർക്യൂട്ട് ഉണ്ടായാലോ ഈ ബാറ്ററികൾ സ്വയം കത്തിത്തീരുമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button