അന്തർദേശീയം

മെഴുകുതിരിയിൽ നിന്ന് തീ പടർന്നു; ചൈനയിലെ പ്രശസ്തമായ പർവതക്ഷേത്രസമുച്ചയം കത്തി നശിച്ചു

ബീജിങ് : മെഴുകുതിരിയിൽ നിന്ന് തീ പടർന്ന് ചൈനയിലെ പ്രശസ്തമായ പർവതക്ഷേത്രസമുച്ചയം മുഴുവൻ കത്തി നശിച്ചു. ജിയാങ്സു പ്രവിശ്യയിലെ ഫെങ്ഹുവാങ് പർവതത്തിൽ നിർമിച്ചിരുന്ന മൂന്നു നിലയിലുള്ള വെൻചാങ് പവിലിയൻ ആണ് കത്തി നശിച്ചത്. കെട്ടിടം കത്തുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നവംബർ 12നാണ് സംഭവം. സ്ഥലം സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾ അശ്രദ്ധമായി മെഴുകുതിരി കത്തിച്ചു വച്ചതാണ് തീ പിടിത്തത്തിന് കാരണമെന്നാണ് കണ്ടെത്തൽ.

അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ക്ഷേത്രത്തോട് ചേർന്നുള്ള വനപ്രദേശത്തേക്കും തീ പടർന്നിട്ടില്ല.1500 വർഷം പഴക്കമുള്ള യോങ്ക്വിങ് ടെമ്പിളാണ് വെൻചാങ് പവിലിയൻ കൈകാര്യം ചെയ്യുന്നത്.

ക്ഷേത്രസമുച്ചയത്തിൽ പുരാതനമായ വസ്തുക്കളൊന്നും സൂക്ഷിച്ചിരുന്നില്ല. ഉടൻ തന്നെ പ്രദേശത്ത് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറയുന്നു. അന്വേഷണം പൂർത്തിയായാൽ ഉടൻ തന്നെ ക്ഷേത്ര സമുച്ചയം പുനർനിർമിക്കും. 2023ൽ ഗാൻസു പ്രവിശ്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഷാൻഡാൻ ഗ്രേറ്റ് ബുദ്ധ ക്ഷേത്രവും തീ പിടിച്ചിരുന്നു. അന്ന് കൂറ്റൻ ബുദ്ധ വിഗ്രഹം മാത്രമാണ് ബാക്കിയായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button