ഡെൻവർ- മയാമി അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; 173 യാത്രക്കാരും സുരക്ഷിതർ

വാഷിങ്ടൺ ഡിസി : ലാൻഡിങ് ഗിയറിനുണ്ടായ തകരാറിനെ തുടർന്ന് തീയും പുകയും ഉയർന്നതോടെ ഡെൻവർ വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഒരാൾക്ക് നിസ്സാര പരുക്കേറ്റു.
ബോയിങിന്റെ 737 മാക്സ് 8 വിമാനം മയാമിയിലേക്ക് പോകുകയായിരുന്നു. വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതായി വിമാനക്കമ്പനി അറിയിച്ചു. പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽനിന്ന് താഴേക്ക് ഇറങ്ങുന്നതും ലാൻഡിങ് ഗിയറിൽ തീ കത്തുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോകളിൽ കാണാം. പ്രദേശമാകെ പുക നിറഞ്ഞു.
വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നതിനിടെ ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു. യാത്രക്കാരെ റൺവേയിൽ ഇറക്കിയ ശേഷം ബസുകളിൽ ടെർമിനലിലേക്ക് കൊണ്ടുപോയി. തീപിടിത്തത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും എഫ്എഎ വ്യക്തമാക്കി. വിമാനം റൺവേയിലായിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് ഡെൻവർ എയർപോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ലാൻഡിങ് ഗിയറിന്റെ ടയറിന് ‘സാങ്കേതിക തകരാർ’ ഉണ്ടായതായി അമേരിക്കൻ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. വിമാനം പരിശോധനകൾക്കായി മാറ്റി.