യുദ്ധം അവസാനിപ്പിച്ചിട്ടാണെങ്കിലും ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേലി യുദ്ധ വിമാന പൈലറ്റുമാർ

ജെറുസലേം : യുദ്ധം അവസാനിപ്പിച്ചിട്ടാണെങ്കിലും ഗസ്സയിലെ ബന്ദികളെ മോചിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്ന് ഇസ്രായേലി യുദ്ധ വിമാന പൈലറ്റുമാർ. വിരമിച്ചവരും റിസർവ് വിഭാഗത്തിലുമുള്ള പൈലറ്റുമാരാണ് സർക്കാരിന് കത്തയച്ചത്. രാജ്യത്തിന്റെ സുരക്ഷയെക്കാൾ വ്യക്തിപരവും രാഷ്ട്രീയവുമായ താത്പര്യങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് കത്തിൽ ആരോപിക്കുന്നു. രണ്ടു മാസത്തെ വെടിനിർത്തലിന് ശേഷം കഴിഞ്ഞ മാസമാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചത്.
നിലവിൽ സർവീസിലുള്ള ആരെങ്കിലും കത്തിൽ ഒപ്പിട്ടിട്ടുണ്ടെങ്കിൽ അവരെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പിരിച്ചുവിടാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പറഞ്ഞു. യുദ്ധവേളയിൽ സൈനികരുടെ ആത്മവിശ്വാസം കെടുത്തുന്നതും ശത്രുക്കളെ സഹായിക്കുന്നതുമായ പ്രസ്താവന പൊറുക്കാനാവില്ലെന്ന് നെതന്യാഹു പറഞ്ഞു.
980 യുദ്ധവിമാന പൈലറ്റുമാരാണ് കത്തിൽ ഒപ്പുവെച്ചത്. ഇവരിൽ ഭൂരിഭാഗവും വിരമിച്ച റിസർവ് പൈലറ്റുമാരാണ്. 10 ശതമാനം പേർ ഇപ്പോഴും റിസർവ് ഡ്യൂട്ടിയിലുള്ളവരാണെന്നും കത്തിൽ ഒപ്പുവെച്ച ഒരു പൈലറ്റ് പറഞ്ഞു.
ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ തുടരുന്ന ആക്രമണത്തിൽ 61,700 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ജനുവരിയിൽ ഇരു വിഭാഗവും തമ്മിൽ വെടിനിർത്തൽ കരാറിൽ ഒപ്പിട്ടെങ്കിലും പിന്നീട് ഇസ്രായേൽ ഏകപക്ഷീയമായി ആക്രമണം പുനരാരംഭിക്കുകയായിരുന്നു. ഹമാസ് തടവിലാക്കിയ 59 ബന്ദികളെ കൂടി മോചിപ്പിക്കുന്നത് വരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ നിലപാട്.
ഹമാസുമായി രണ്ടാംഘട്ട വെടിനിർത്തൽ കരാറിൽ ഒപ്പിടണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ബന്ദികളുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. നെതന്യാഹുവിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ആക്രമണം പുനരാരംഭിക്കാൻ കാരണമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അതേസമയം യുദ്ധം പൂർണമായും അവസാനിപ്പിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന നിലപാടിലാണ് ഹമാസ്.