കേരളം
ശാസ്താംകോട്ടയില്‍ സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം

കൊല്ലം : ശാസ്താംകോട്ടയില്‍ സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ തൊടിയൂര്‍ സ്വദേശി എ അഞ്ജന (25) ആണ് മരിച്ചത്. ഒക്ടോബര്‍ 19നായിരുന്നു വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. തൊടിയൂര്‍ ശാരദാലയം വീട്ടില്‍ ബി മോഹനന്റെയും ടി അജിതയുടെയും മകളാണ് അഞ്ജന.
ഇന്ന് രാവിലെ 9.45ന് ശാസ്താംകോട്ട ഭരണിക്കാവ് പുന്നമുട് ജങ്ഷനിലാണ് അപകടം. സ്‌കൂട്ടറില്‍ ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ ഇടിച്ച സ്‌കൂള്‍ ബസ് ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്കില്‍ ക്ലര്‍ക്ക് ആയി നിയമനം ലഭിച്ചത്.