അന്തർദേശീയം

ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശന വിലക്ക് ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു

ന്യൂയോര്‍ക്ക് : പ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികൾക്ക് വിലക്കേർപ്പെടുത്തി ഡോണൾഡ് ട്രംപ് ഭരണകൂടം. നിലവിൽ സർവകലാശാലയിൽ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ മറ്റു സര്‍വകലാശാലകളിലേക്ക് അടിയന്തരമായി മാറണമെന്നാണ് നിര്‍ദേശം.

അല്ലാത്തപക്ഷം ഈ വിദ്യാർഥികളുടെ വിസ റദ്ദാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഹാര്‍വാഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളില്‍ 27 ശതമാനം വിദേശ വിദ്യാർഥികളാണ്. ഇന്ത്യയിൽനിന്ന് ഉൾപ്പെടെ 140 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവരുടെ ഭാവി ആശങ്കയിലാണ്. അതേസമയം, ഭരണകൂട നടപടി ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. നടപടി നിയമാനുസൃതമല്ലെന്ന് സര്‍വകലാശാല പ്രതികരിച്ചു.

ഫെഡറൽ കോടതി നടപടിക്കെതിരെ ഭരണകൂടം അപ്പീൽ നൽകുമെന്നാണ് പുറത്തുവരുന്ന വിവരം. സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വിലക്കെന്ന് ഭരണകൂടം അറിയിച്ചു. സർക്കാർ ആവശ്യപ്പെട്ട ഹാര്‍വാഡിലെ വിദേശ വിദ്യാര്‍ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഹാര്‍വാഡിലെ 6800ഓളം വിദേശ വിദ്യാര്‍ഥികളെ ബാധിക്കുന്നതാണ് ട്രംപിന്‍റെ പ്രതികാര നടപടി.

നേരത്തെ, ട്രംപ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തത്തിന് സര്‍വകലാശാലക്കുള്ള ഫെഡറല്‍ സഹായമായ 2.3 ബില്യണ്‍ ഡോളര്‍ യു.എസ് സർക്കാർ മരവിപ്പിച്ചിരുന്നു. വിദ്യാർഥികളുടെ അധികാരം കുറക്കണം, അമേരിക്കൻ മൂല്യങ്ങൾ പാലിക്കാത്ത വിദ്യാർഥികളെ കുറിച്ച് സർക്കാറിൽ റിപ്പോർട്ട് ചെയ്യണം, ഡി.ഇ.ഐ പരിപാടികൾ റദ്ദാക്കണം തുടങ്ങിയവയായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ.

അതേസമയം, ഫെഡറൽ കോടതി നടപടി വിദ്യാർഥികൾക്ക് താൽക്കാലിക ആശ്വാസം നൽകും. വിദേശ വിദ്യാർഥികളുടെ വിസ സ്റ്റാറ്റസ് നിർത്തലാക്കുന്നതും അവരെ അറസ്റ്റ് ചെയ്ത് തടവിൽ വെക്കുന്നതും കോടതി തടഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button