അന്തർദേശീയം

ചെെനയിൽ ഇൻഷുറൻസ് തുകയ്ക്കായി 7 വയസ്സുകാരനെ കൊലപ്പെടുത്തിയ പിതാവിന് വധശിക്ഷ

ബെയ്ജിംഗ് : കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇൻഷുറൻസ് പണം സ്വന്തമാക്കാൻ സ്വന്തം മകനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട പിതാവിനെയും ബന്ധുവിനെയും വധശിക്ഷയ്ക്ക് വിധിച്ച് ഹൈക്കോടതി. 2020 ഒക്ടോബറിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

പ്രതിയായ സ്വാങ്, സാമ്പത്തിക പ്രയാസങ്ങൾ കാരണം ഭാര്യയുമായി ഇടയ്ക്കിടെ തർക്കിക്കാറുണ്ടായിരുന്നു. കടബാധ്യത വർധിച്ചതോടെ ഇൻഷുറൻസ് തുക കൈപ്പറ്റാൻ ഏഴ് വയസ്സുകാരനായ സ്വന്തം മകനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

കൊലപ്പെടുത്തുന്നതിനായി ട്രക്ക് ഡ്രൈവറായ ബന്ധുവിനെ ഇയാൾ കൂട്ടുപിടിച്ചു. കുട്ടിക്ക് വേണ്ടി രണ്ട് വലിയ ഇൻഷുറൻസ് പോളിസികളെടുത്ത ശേഷം കൃത്രിമ അപകടം നടത്തി പണം വാങ്ങാനുള്ള ​ഗൂഢാലോചനയായിരുന്നു ഇവരുടേത്. പദ്ധതി പ്രകാരം, 2020 ഒക്ടോബറിൽ സ്വാങ് മകനെ കാറിലിരുത്തി വാഹനത്തിൽ നിന്നിറങ്ങി. കുട്ടിയോട് കാറിൽ തന്നെയിരിക്കാൻ നിർദേശം നൽകി. തൊട്ടടുത്ത നിമിഷം ബന്ധുവായ ട്രക്ക് ഡ്രൈവർ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് മുന്നിൽ മകനെ നഷ്ടപ്പെട്ട വിഷമത്തിൽ തകർന്നടിഞ്ഞത് പോലെ സ്വാങ് നടിക്കുകയും ചെയ്തു.

അപകടത്തിന് പിന്നാലെ സ്വാങിന് 1,80,000 യുവാൻ(ഏകദേശം 22.5 ലക്ഷം രൂപ) ഇൻഷുറൻസ് തുക നഷ്ടപരിഹാരമായി ലഭിച്ചു. ഇതിൽ നിന്ന് 3.5 ല​ക്ഷം യുവാൻ ബന്ധുവിന് കൈമാറി. അപകടത്തെ തുടർന്ന് ഈ ബന്ധുവിന്റെ ലൈസൻസ് റദ്ദാക്കുകയും സ്വാങിന് 1.25 കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു. ഈ തുകയിൽ ഭൂരിഭാ​ഗവും ഇൻഷുറൻസ് കമ്പനിയാണ് വഹിച്ചത്.

എന്നാൽ, ട്രക്ക് ഡ്രൈവറുടെ ലെെസൻസ് വ്യാജമാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. നിയമപരമായി ട്രക്ക് ഓടിക്കാൻ അനുവാദമില്ലാത്തതിനാൽ ഇൻഷുറൻസ് തുക കൈമാറാൻ കമ്പനി വിസമ്മതിച്ചതോടെ ട്രക്ക് ഉടമയായ ലുവോയെയും കുടുംബത്തെയും ബാധ്യത നിർവഹിക്കുന്നതിനായി കോടതി ചുമതലപ്പെടുത്തുകയായിരുന്നു. ഇതിൽ പരിഭ്രാന്തനായ ട്രക്കുടമ ലുവോ പൊലീസുമായി സംസാരിക്കുകയും ട്രക്കോടിച്ചത് മറ്റൊരാളാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വാങും ബന്ധുവും ചേർന്ന് ഇൻഷുറൻസ് തുകയ്ക്കായി നടത്തിയ ​ഗൂഢാലോചനയായിരുന്നുവെന്ന് തെളിഞ്ഞത്. കുറ്റം സമ്മതിച്ചതോടെ കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു. ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് സ്വാങ് കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button