സിഡ്നി വെടിവയ്പ്പിന് പിന്നിൽ അച്ഛനും മകനും; മരണ സംഖ്യ 15 ആയി

സിഡ്നി : ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ബോണ്ടി ബീച്ചിൽ ആൾക്കൂട്ടത്തിനു നേരെ വെടി വച്ചത് അച്ഛനും മകനുമെന്നു റിപ്പോർട്ട്. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 40 ആയി. സംഭവം തീവ്രവാദ ആക്രമണമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ജൂത ഫെസ്റ്റിവലായ ഹനൂക്കയുടെ ആദ്യ ദിനത്തിലാണ് വെടി വയ്പ്പുണ്ടായത്. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.17 ഓടെയാണ് വെടിവയ്പ്പുണ്ടായത്.
പാകിസ്ഥാൻ വംശജരായ 50 കാരനായ സാജിദ് അക്രം ഇയാളുടെ മകൻ നവീദ് അക്രം എന്ന 24കാരനുമാണ് അക്രമികൾ. ഇതിൽ 50കാരനെ ആക്രമണത്തിനു പിന്നാലെ പൊലീസ് വെടിവച്ചു കൊന്നു. നവീദ് സാരമായ പരിക്കുകളോടെ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഓസ്ട്രേലിയയിലെ ജൂത വിഭാഗത്തേയാണ് അക്രമികൾ ലക്ഷ്യമിട്ടതെന്നു റിപ്പോർട്ടുകളുണ്ട്. ഇരുവരും മാത്രമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി.
അക്രമികളെക്കുറിച്ചും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുമുള്ള പ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു. സംഭവ സ്ഥലത്തിന് സമീപം രണ്ട് സജീവമായ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ പൊലീസ് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറൻ സിഡ്‌നി പ്രാന്തപ്രദേശങ്ങളായ ബോണിറിഗിലെയും ക്യാംപ്സിയിലെയും ഇവരുടെ താമസ സ്ഥലത്ത് സെർച്ച് വാറണ്ടുകൾ പുറപ്പെടുവിച്ചു.
മരിച്ച 50 വയസുകാരൻ ലൈസൻസുള്ള തോക്ക് ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. ബോണ്ടി ബീച്ചിലെ ആക്രമണത്തിന് ആറ് തോക്കുകളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം. പൊലീസ് സമഗ്രാന്വേഷണം തുടരുന്നു.
നടന്നത് ഭീകരാക്രമണമാണെന്നു ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് സ്ഥിരീകരിച്ചു. പാകിസ്ഥാനിലെ ലാഹോർ സ്വദേശിയായ നവീദ് അക്രം സിഡ്നിയിലെ അൽ-മുറാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണ് എന്നും, ഇയാൾ ഓസ്ട്രേലിയയിലെയും പാകിസ്ഥാനിലെയും സർവകലാശാലകളിൽ മുമ്പ് പഠിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഓസ്ട്രേലിയൻ സമയം വൈകീട്ട് 6.30ഓടെയാണ് ആദ്യം വെടിവയ്പ്പുണ്ടായത്. സിഡ്നിയിലെ പ്രധാന വിനോദ കേന്ദ്രമാണ് പ്രശസ്തമായ ബോണ്ടി ബീച്ച്. ഹനൂക്ക ഫെസ്റ്റിവലിന്റെ തുടക്കമായതിനാൽ ബോണ്ടി ബീച്ചിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നിരുന്നു. ഇവർക്ക് നേരെയാണ് വെടിയുതിർത്തത്. തുടർച്ചയായ വെടിവെപ്പ് ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ജനം നിലവിളിക്കുകയും ഒളിക്കാൻ പരക്കം പായുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പലർക്കും വെടിയേറ്റത്. കുട്ടികളെയും വയോധികരെയും പോലും വെടിവച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. പൊലീസും ദ്രുതപ്രതികരണ വിഭാഗവും ജനങ്ങളെ രക്ഷിക്കാൻ ഉടൻ ഇടപെട്ടു. ഓസ്ട്രേലിയയിലെ ജൂതരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നത്. ജൂത വിഭാഗത്തിനെതിരായ ഏതൊരു ആക്രമണവും ഓസ്ട്രേലിയയിലെ മുഴുവൻ ജനങ്ങൾക്കും എതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി.



