ഇയു- ദക്ഷിണ അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ; പാരീസിലും ഗ്രീസിലും ട്രാക്റ്ററുകളുമായി കർഷക പ്രതിഷേധം

പാരീസ് : അമേരിക്കൻ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി മുന്നോട്ട് പോകുന്ന യൂറോപ്യൻ യൂണിയന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഫ്രാൻസിൽ കർഷകരുടെ റാലി. ഉൾനാടൻ പ്രദേശങ്ങളിൽ നിന്നും സംഘടിതമായി നൂറോളം ട്രാക്ടറുകൾ ഓടിച്ചെത്തി പാരീസ് നഗരത്തിൽ വമ്പൻ പ്രതിഷേധം തീർത്തു. ഗ്രീസ് ഉൾപ്പെടെ ഇതര രാജ്യങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ പടരുകയാണ്.
കർഷകരുടെ ആശങ്കകൾ വകവെക്കാതെ അഞ്ച് ദക്ഷിണ അമേരിക്കൻ രാജ്യങ്ങളുമായുള്ള കരാറുമായി യൂറോപ്യൻ യൂണിയൻ മുന്നോട്ടു പോവുകയാണ്. ബ്രസീൽ, അർജന്റീന, ബൊളീവിയ, പരാഗ്വേ, ഉറുഗ്വേ എന്നീ മെർകോസൂർ രാജ്യങ്ങളുമായാണ് പുതിയ കരാർ ഉറപ്പിക്കുന്നത്. വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നപ്പോൾ തന്നെ ഫ്രഞ്ച് കർഷകർ ഇതിനെ അപലപിച്ചിട്ടുണ്ട്. ഈ കരാർ തങ്ങളുടെ ഉപജീവനമാർഗ്ഗമായ കൃഷിയെ ദോഷകരമായി ബാധിക്കുമെന്ന് അവർ ചൂണ്ടികാട്ടിയിട്ടും പരിഗണിക്കപ്പെട്ടില്ല.
റൂറൽ കോർഡിനേഷൻ യൂണിയനാണ് കരാറിനെ എതിർത്ത് പ്രതിഷേധ രംഗത്തുള്ളത്. “അധികാരമുള്ളവരോട് കൂടുതൽ അടുത്ത് നിന്ന് നമ്മുടെ ആവശ്യങ്ങൾ ഉന്നയിക്കാം. ഇന്ന് പാരീസിലേക്ക് വരിക” എന്നായിരുന്നു മുദ്രവാക്യം.
നഗര മേധാവികൾ നിരോധനം പുറപ്പെടുവിച്ചിട്ടും കർഷകർ അതിനെ മറികടന്ന് അധികാര കേന്ദ്രത്തിലേക്ക് എത്തി. ഏകദേശം 20 ട്രാക്ടറുകൾ ആർക്ക് ഡി ട്രയോംഫെ സ്മാരകത്തിനടുത്തും മറ്റുള്ളവ ഈഫൽ ടവർ പരിസരത്തും തമ്പടിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ട്രാക്ടർ ഉപയോഗിച്ചുള്ള പ്രകടനങ്ങളെത്തുടർന്ന് പാരീസിലേക്കുള്ള ദിശയിൽ പുലർച്ചെ 5.53 മുതൽ A13 മോട്ടോർവേ അടച്ചിരുന്നു. മധ്യ പാരീസിലെ ലാൻഡ്‌മാർക്കുകൾക്ക് ചുറ്റും കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
മെർകോസൂർ കരാറിനോടുള്ള ഫ്രാൻസിലെ കർഷകർക്കിടയിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്നതായി ഫ്രഞ്ച് കൃഷി മന്ത്രി ആനി ജനീവാർഡ് സമ്മതിച്ചു. മറ്റ് കാർഷിക മേഖലകൾക്കൊപ്പം ബീഫ്, ചിക്കൻ, പഞ്ചസാര, എത്തനോൾ, തേൻ എന്നിവയുടെ ഉൽപാദനത്തെയും ഇത് ദേഷകരമായി ബാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു.
യൂറോപ്യൻ യൂണിയനിൽ ജർമ്മനിയുടെ നേതൃത്വത്തിലുള്ള ബ്ലോക് കരാറിനെ പിന്തുണയ്ക്കുന്നു. ഫ്രാൻസിന്റെയും പോളണ്ടിന്റെയും എതിർപ്പുകൾ മറികടക്കാൻ ഇവർക്ക് കഴിഞ്ഞേക്കും എന്ന സാഹചര്യമാണുള്ളത്. ജനുവരി 12 ന് പരാഗ്വേയിൽ ഈ കരാർ ഒപ്പുവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് കർഷകർ ട്രാക്ടറുകളുമായി നഗരത്തിലേക്ക് മാർച്ച് ചെയ്തത്.
ഗ്രീസിലും ട്രാക്റ്ററുകളുമായി കർഷക പ്രതിഷേധം
ഗ്രീസിലും കർഷകരുടെ നേതൃത്വത്തിൽ സമാനമായ പ്രതിഷേധം അരങ്ങേറുകയാണ്. വർദ്ധിച്ചുവരുന്ന ഉൽപാദനച്ചെലവും തെക്കേ അമേരിക്കൻ രാജ്യങ്ങളുമായുള്ള വിവാദപരമായ യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുമാണ് പ്രതിഷേധത്തിന് കാരണമായത്. ട്രാക്റ്ററുകളിൽ എത്തി പ്രധാന ഹൈവേകൾ, ജംഗ്ഷനുകൾ, ടോൾ സ്റ്റേഷനുകൾ എന്നിവ 48 മണിക്കൂർ ഉപരോധിച്ചു.
രാജ്യത്തുടനീളമുള്ള പ്രധാന റൂട്ടുകളിൽ ട്രാക്ടറുകൾ നിരന്നിരുന്നു, അടിയന്തര വാഹനങ്ങൾ ഒഴികെയുള്ള എല്ലാ ഗതാഗതവും നിർത്തിവച്ചു.
കർഷകർക്ക് കുറഞ്ഞ വൈദ്യുതി നിരക്കും ഇന്ധന നികുതി ഇളവുകളും ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ഇളവുകളുമായി സർക്കാർ കർഷകരെ അനുനയിപ്പിക്കാൻ ശ്രമിച്ചു എങ്കിലും പ്രതിഷേധകർ വഴങ്ങിയില്ല.
നിർദ്ദിഷ്ട വ്യാപാര കരാർ യൂറോപ്പിനും ബ്രസീലും അർജന്റീനയും ഉൾപ്പെടെയുള്ള ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾക്കും ഇടയിൽ ഒരു വലിയ സ്വതന്ത്ര വ്യാപാര മേഖല സൃഷ്ടിക്കും. വിലകുറഞ്ഞ ഇറക്കുമതികൾ കൊണ്ട് വിപണി നിറയുമെന്ന് യൂറോപ്യൻ കർഷകർ ഭയപ്പെടുന്നു.
“ഗ്രീസ് കൃഷിയെയും ടൂറിസത്തെയും ആശ്രയിച്ചിരിക്കുന്നു. ജർമ്മനിയെയോ ഫ്രാൻസിനെയോ പോലെ ഞങ്ങൾക്ക് കനത്ത വ്യവസായമില്ല.” ലാറ്റിൻ അമേരിക്കയെ അപേക്ഷിച്ച് ഇവിടെ ഉൽപാദനച്ചെലവ് 300% കൂടുതലാണ് എന്ന് കർഷകർ പറഞ്ഞു.



