കേരളം

തൃശൂരിൽ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് കള്ളവോട്ട്; താനറിയാതെ ഫ്‌ളാറ്റിൽ 9 വോട്ട് ചേർത്തുവെന്ന് വീട്ടമ്മ

തൃശൂർ : തൃശൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച്‌ നടന്ന വോട്ട്‌ ക്രമക്കേടിന്റെ കൂടുതൽ തെളിവ്‌ പുറത്ത്‌. പൂങ്കുന്നം ക്യാപ്പിറ്റല്‍ വില്ലേജ് അപാര്‍ട്ട്‌മെന്റിലെ നാല്‌ സി ഫ്ലാറ്റിൽ വോട്ട്‌ ക്രമക്കേട്‌ നടന്നതായി സ്ഥിരീകരിച്ച്‌ താമസക്കാരി പ്രസന്ന അശോകൻ. തൃശൂരിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണം ഇടതു മുന്നണിയും കോൺഗ്രസും ഉന്നയിക്കുന്നതിനിടെയാണ്, തെളിവുകളടക്കം ഫ്ളാറ്റുടമ രംഗത്തെത്തിയത്.

നാല് സി ഫ്ളാറ്റിൽ പ്രസന്ന മാത്രമാണ്‌ വോട്ടറായുള്ളത്‌. എന്നാൽ, ബൂത്ത് നമ്പർ 30ന്റെ വോട്ടർപട്ടികയിൽ ഇ‍ൗ വിലാസത്തിൽ 10 വോട്ടുണ്ട്‌. ഒമ്പത്‌ വോട്ടുകളാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ വ്യാജമായി ചേർത്തത്‌. ക്രമനമ്പർ 1304:- എം എസ് മനീഷ്, 1307:- മുഖാമിയമ്മ, 1308-: കെ സൽജ, 1313: -മോനിഷ, 1314:-എസ്‌ സന്തോഷ് കുമാർ, 1315: പി -സജിത് ബാബു, 1316:- എസ്‌ അജയകുമാർ, 1318: -സുഗേഷ്, 1319:- സുധീർ, 1321:- ഹരിദാസൻ എന്നീ വോട്ടുകളാണ്‌ കൂട്ടിച്ചേർത്തത്. മണ്ഡലത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച്‌ നടന്ന വ്യാജ വോട്ട്‌ സംബന്ധിച്ച്‌ സ്ഥാനാർഥി വി എസ്‌ സുനിൽകുമാറിന്റെ ചീഫ്‌ ഇലക്ഷൻ ഏജന്റ്‌ കെ പി രാജേന്ദ്രൻ തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകിയിരുന്നു.

​വാടക ചീട്ട് മറയാക്കി പൂങ്കുന്നം ക്യാപ്പിറ്റൽ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഒമ്പത് കള്ളവോട്ട് ചേർത്തെന്ന് ഉടമ പ്രസന്ന അശോകൻ പറഞ്ഞു. സമീപത്തെ ഫ്‌ളാറ്റുകളിലും കള്ളവോട്ട് ചേർത്തു. ടോപ് പാരഡൈസ്, സിഡ്ബി ചൈത്രം എന്നിവിടങ്ങളിൽ 45 വോട്ടാണ് അധികമായി ചേർത്തത്. ആലത്തൂർ മണ്ഡലത്തിലുള്ളവരുടെ പേരുകളും ഈ ഫ്‌ളാറ്റുകളിലെ വോട്ടർ പട്ടികയിൽ ചേർത്തിരുന്നു.

പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂൾ ബൂത്ത് നമ്പർ 30ൽ വോട്ടറാണ് പ്രസന്ന. നാല് വർഷമായി പൂങ്കുന്നം ആശ്രമം ലെയ്ൻ ക്യാപിറ്റൽ വില്ലേജ് ബ്ലോക്ക് നാല് സി ഫ്‌ളാറ്റിൽ താമസിക്കുകയാണ്. ഭർത്താവിനും മകനും മരുമകൾക്കും പൂച്ചുന്നിപ്പാടത്താണ് വോട്ട്. അവരുടെ വോട്ട് പൂങ്കുന്നത്തേക്ക് മാറ്റാമെന്ന് പറഞ്ഞു വന്നവരാണ് വാടക ചീട്ട് വാങ്ങിക്കൊണ്ടുപോയത്. കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ വോട്ടേഴ്‌സ് സ്ലിപ് വിതരണത്തിനെത്തിയപ്പോഴാണ് സ്വന്തം മേൽ വിലാസത്തിൽ ഒമ്പത് പേരെ ഉൾപ്പെടുത്തിയതായി തിരിച്ചറിഞ്ഞത്.വന്നവരെ അറിയില്ല.

പൂങ്കുന്നം ഹരിശ്രീ വിദ്യാനികേതൻ സ്‌കൂൾ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരെ സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായതായി അറിഞ്ഞിരുന്നു. അനധികൃതമായി വോട്ടർമാരെ ചേർത്തെന്ന പരാതിയുമായി കോൺഗ്രസ് നേതാക്കളെത്തിയപ്പോൾ, പേരുചേർക്കപ്പെട്ടവരെ അറിയില്ലെന്നും കുടുംബാംഗങ്ങൾ നാല് പേരേയുള്ളൂവെന്നും തനിക്ക് മാത്രമാണ് പൂങ്കുന്നത്ത് വോട്ടുള്ളതെന്നും വ്യക്തമാക്കി ഒപ്പിട്ടു കൊടുത്തു. കളക്ടർക്ക് പരാതി നൽകിയെങ്കിലും, അന്തിമ വോട്ടർ പട്ടിക നിലവിൽ വന്നതിനാൽ വോട്ട് ചെയ്യാനെത്തിയവരെ തടയാനാവില്ലെന്നായിരുന്നു മറുപടി.

വോട്ടേഴ്‌സ് സ്ലിപ് കൊടുക്കാൻ ചെന്നപ്പോൾ പ്രസന്ന അശോകൻ ഉൾപ്പെടെ ഒരേ വിലാസത്തിൽ പത്ത് പേര് കണ്ടെത്തിയിരുന്നുവെന്ന് യു.ഡി.എഫ് ബൂത്ത് പ്രസിഡന്റ് വി.കെ.അനിൽ പറഞ്ഞു. വോട്ടെടുപ്പിന്റെ 20 ദിവസം മുമ്പാണ് വോട്ടേഴ്‌സിന്റെ അഡിഷണൽ ലിസ്റ്റ് കൈയിൽ കിട്ടിയത്. ‘എന്റെ വിലാസത്തിൽ വോട്ടർ പട്ടികയിൽ ചേർത്ത ഒമ്പത്‌ പേരെയും അറിയില്ല. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ പൊതു പ്രവർത്തകർ വ്യാജവോട്ട് വിഷയം എന്റെ ശ്രദ്ധയിൽപ്പെടുത്തി. അപ്പോഴാണ്‌ സംഭവം അറിഞ്ഞത്‌. അത്‌ മാറ്റാനായി തെരഞ്ഞെടുപ്പ് കമീഷന്‌ പരാതി ഒപ്പിട്ട്‌ നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല’‘– പ്രസന്ന അശോകൻ പറഞ്ഞു.​

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button