നെതർലൻഡ്‌സിൽ ഇസ്രായേൽ അനുകൂല സന്നദ്ധ സംഘടനയുടെ ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

ആംസ്റ്റർഡാം : നെതർലൻഡ്‌സിലെ നൈകെർക്ക് നഗരത്തിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ അനുകൂല സംഘടനയുടെ ഓഫീസിന് നേരെ ബോംബ് എറിഞ്ഞു. വെള്ളിയാഴ്ച രാത്രി വൈകിയാണ് സന്നദ്ധ സംഘടനയുടെ ആസ്ഥാനത്തിന് പുറത്തുള്ള ഗേറ്റിൽ സ്ഫോടനമുണ്ടായത്.
സ്ഫോടനസമയത്ത് കെട്ടിടത്തിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ലെന്നും കെട്ടിടത്തിന് നേരിയ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചതെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. നെതർലൻഡ്‌സിലും അയൽരാജ്യമായ ബെൽജിയത്തിലും അടുത്ത ആഴ്ചകളിൽ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു.
യൂറോപ്പിലെ വിവിധ നഗരങ്ങളിൽ യുദ്ധ വിരുദ്ധ വികാരം വർധിച്ചുവരുന്നതിനിടെയുണ്ടായ ഈ സംഭവം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.



